ജപ്തിയിൽ ഇടപെട്ട് നിലമ്പൂർ സഹകരണ അർബൻ ബാങ്ക്; സലീനയ്ക്ക് വീടിൻ്റെ താക്കോൽ കൈമാറി, ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്
ബാങ്ക് അധികൃതർ നേരിട്ടെത്തി താക്കോൽ കൈമാറുകയായിരുന്നു. പിന്നാലെ വീട് തുറന്ന് സലീന താമസം തുടങ്ങി. സലീനയ്ക്ക് ലോൺ അടച്ച് തീർക്കാൻ സാവകാശം നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.

മലപ്പുറം: ജപ്തിയെ തുടര്‍ന്ന് വീടിന്റെ വരാന്തയിൽ ആറ് വയസുകാരനുമൊത്ത് കഴിയേണ്ടി വന്ന അമ്മയുടെ ദുരിതത്തിന് അറുതിയായി. ജപ്തി ചെയ്ത വീടിൻ്റെ താക്കോൽ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് സലീനയ്ക്ക് കൈമാറി. ഏഷ്യാനെറ്റ് ന്യൂസ് വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. ബാങ്ക് അധികൃതർ നേരിട്ടെത്തി താക്കോൽ കൈമാറുകയായിരുന്നു. പിന്നാലെ വീട് തുറന്ന് സലീന താമസം തുടങ്ങി. സലീനയ്ക്ക് ലോൺ അടച്ച് തീർക്കാൻ സാവകാശം നൽകുമെന്ന് ബാങ്ക് അധികൃതർ അറിയിച്ചു. തുകയിൽ പരമാവധി ഇളവ് നൽകുമെന്നും ബാങ്ക് മാനേജർ വ്യക്തമാക്കി.
മലപ്പുറം എടക്കര പാതിരിപ്പാടത്തെ സലീനയുടെ വീടാണ് ലോൺ അടവ് മുടങ്ങിയതോടെ നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ജപ്തി ചെയ്തത്. ചെറുപ്രായത്തിൽ ഭർത്താവ് ഉപേക്ഷിച്ച് പോയത് മുതൽ സലീന രണ്ട് പെൺമക്കളുമായി ജീവിതപ്പോരാട്ടം തുടങ്ങിയതാണ്. കുഞ്ഞുങ്ങളെ വളർത്താൻ ഗൾഫിൽ പോയി ഏറെക്കാലം അധ്വാനിച്ചുണ്ടാക്കിയ 12 സെന്റ് ഭൂമിയിൽ ചെറിയൊരു വീട്. രണ്ട് പെൺമക്കളെ വിവാഹം ചെയ്തയക്കാൻ മറ്റ് വഴിയില്ലാതായതോടെയാണ് സലീന 4 ലക്ഷം രൂപ ലോൺ എടുത്തത്. കൂലിപ്പണി ചെയ്തും കോഴികളെ വളർത്തിയും തുക അടയ്ക്കുന്നതിനിടെ സലീനയ്ക്ക് പരിക്കേറ്റതോടെ അടവ് മുടങ്ങി. പലിശ കയറി ലോൺ തുക 9 ലക്ഷത്തിന് മുകളിലായി. ബാങ്ക് പിഴപ്പലിശ ഒഴിവാക്കിയെങ്കിലും വീട് വിറ്റ് കടം വീട്ടാൻസെലീനയ്ക്കായില്ല. വീട് ജപ്തി ചെയ്തതിനെ തുടര്‍ന്ന് താമസം വരാന്തയിലായത്തിനാൽ കുട്ടിയെ സ്കൂളിൽ അയക്കാനും കഴിയാത്ത അവസ്ഥയിലായിരുന്നു ഈ കുടുംബം.
Also Read: വീട് ജപ്തി ചെയ്തു, വഴിയാധാരമായി ഒരു കുടുംബം; 6 വയസുകാരനൊപ്പം അമ്മ കഴിയുന്നത് വരാന്തയിൽ
ജപ്തി ചെയ്ത വീടിന്റെ താക്കോല്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ കൈമാറി; സലീനയ്ക്ക് ആശ്വാസം