സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്കാണ് നിർമ്മാണം നടത്തുന്നത്.
ഇടുക്കി: റവന്യൂ വകുപ്പിന്‍റെ സ്റ്റോപ്പ് മെമ്മോയ്ക്ക് പുല്ലുവില കൽപ്പിച്ച് പഴയ മൂന്നാർ ഹൈഡൽ പാർക്കിൽ അമ്യൂസ്മെന്‍റ് പാർക്ക് നിർമ്മാണം. സിപിഎം ഭരിക്കുന്ന മൂന്നാര്‍ സഹകരണ ബാങ്കിന്‍റെ നേതൃത്വത്തിലാണ് പണികൾ. ദേവികുളം സബ് കളക്ടർ നേരിട്ടെത്തി ആവശ്യപ്പെട്ടിട്ടും ബാങ്ക് വഴങ്ങിയില്ല.
സിപിഎം ഭരിക്കുന്ന മൂന്നാർ സർവീസ് സഹകരണ ബാങ്ക് കെഎസ്ഇബിയുടെ കൈവശമുള്ള ഹൈഡൽ പാർക്കിൽ നാലേക്കര്‍ ഭൂമി പാട്ടത്തിനെടുത്ത് അമ്യൂസ്മെന്‍റ് പാർക്ക് നിർമ്മാണം ആരംഭിച്ചിരുന്നു. മുതിരപ്പഴയാറിന്‍റെ 50 വാരക്കുള്ളിലും ഹെഡ് വർക്സ് ഡാമിന്‍റെ ജലസംഭരണിക്കുള്ളിൽ അതീവ സുരക്ഷാ മേഖലയിലുമാണ് നിർമ്മാണം തുടങ്ങിയത്. വിദേശത്ത് നിന്നുൾപ്പടെ സാധനങ്ങൾ എത്തിച്ച് കൂറ്റൻ റൈഡുകൾ ഇവിടെ സ്ഥാപിക്കാനായിരുന്നു പദ്ധതി.
റവന്യൂ വകുപ്പിന്‍റെ എൻഒസി ഇല്ലാതെയാണ് പണികൾ നടത്തുന്നതെന്ന് കാണിച്ച് മൂന്നാർ സ്വദേശി രാജാറാം ഹൈക്കോടതിയെ സമീപിച്ചു. പരാതിയിൽ നടപടി സ്വീകരിക്കാൻ ഹൈക്കോടതി റവന്യൂ വകുപ്പിന് നിർദ്ദേശം നൽകി. തുടർന്ന് റവന്യൂ വകുപ്പ് നടത്തിയ ഹിയറിംഗിൽ താൽക്കാലിക നിർമ്മാണങ്ങൾ മാത്രമാണ് നടത്തുന്നതെന്ന് ബാങ്ക് നിലപാടെടുത്തു. താൽക്കാലിക നിർമ്മാണം മതിയാകില്ലെന്ന് കണ്ടെത്തിയതിനെ തുടർന്ന് നിർമ്മാണത്തിന് അഡീഷ്ണൽ ചീഫ് സെക്രട്ടറി എ ജയതിലക് അനുമതി നിഷേധിച്ചു. എന്നിട്ടും പണികൾ തുടർന്നപ്പോൾ വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകുകയും ദേവികുളം സബ് കളക്ടർ നേരിട്ടെത്തി ജോലികൾ നിർത്തിവെക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
അതേസമയം അമ്യൂസ്മെന്‍റ് പാർക്ക് നിർമ്മാണത്തിനായി എത്തിച്ച സാമാഗ്രികൾ തുരുമ്പെടുക്കാതിരിക്കാൻ സ്ഥലത്ത് നിന്നും നീക്കുന്ന ജോലികളാണ് നടക്കുന്നതെന്നാണ് ബാങ്കിന്‍റെയും റവന്യൂ വകുപ്പിന്‍റെയും വിശദ്ദീകരണം. നിർമ്മാണ പ്രവർത്തനങ്ങൾ നടത്തിയാൽ നടപടി സ്വീകരിക്കുമെന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി.

