Asianet News MalayalamAsianet News Malayalam

നേവിസിന്റെ കുടുംബത്തെ കണ്ടു; അവയവം ദാനം ചെയ്യാനുള്ള തീരുമാനം മാതൃകാപരമെന്ന് ആരോ​ഗ്യമന്ത്രി

''ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നു. അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്...''

the decision to donate the organ was exemplary The health minister said to Navis Family
Author
Thiruvananthapuram, First Published Sep 28, 2021, 4:51 PM IST

തിരുവനന്തപുരം: ഏഴ് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ച കോട്ടയം വടവത്തൂര്‍ സ്വദേശി നേവിസിന്റെ വീട്ടിലെത്തി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കുടുംബത്തെ ആശ്വസിപ്പിച്ചു. നേവിസിന്റെ അവയവങ്ങള്‍ മറ്റുള്ളവര്‍ക്ക് ദാനം ചെയ്യുന്നതിന് വേണ്ടിയുള്ള മാതാപിതാക്കളുടേയും മറ്റ് കുടംബാംഗങ്ങളുടേയും തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. 

ആ തീരുമാനത്തോട് പ്രത്യേകമായ നന്ദിയും ആദരവും അറിയിക്കുന്നു. അനശ്വരമായ ഓര്‍മ്മകള്‍ അവശേഷിപ്പിച്ചു കൊണ്ടാണ് നേവിസ് കടന്ന് പോയത്. നേവിസിന്റെ ഓര്‍മ്മകള്‍ക്ക് മുമ്പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി അറിയിച്ചു. അച്ഛന്‍ സാജന്‍ മാത്യു, അമ്മ ഷെറിന്‍, സഹോദരന്‍ എല്‍വിസ്, സഹോദരി വിസ്മയ എന്നിവരെ മന്ത്രി കണ്ടു. നേവിസിന് മന്ത്രി അന്ത്യാജ്ഞലി അര്‍പ്പിക്കുകയും ചെയ്തു. സഹകരണ വകുപ്പ് മന്ത്രി വി.എന്‍. വാസവനും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

Read More: ഏഴ് പേര്‍ക്ക് ജീവൻ്റെ വെളിച്ചം നൽകി നേവിസ് യാത്രയായി: അവയവദാനത്തിന് വഴിയൊരുക്കി സഹകരിക്കാം

എറണാകുളം രാജഗിരി ആശുപത്രിയില്‍ വച്ച് മസ്തിഷ്‌ക മരണം സംഭവിച്ച നേവിസിന്റെ എട്ട് അവയവങ്ങള്‍ ബന്ധുക്കള്‍ ദാനം ചെയ്തു. കഴിഞ്ഞ ശനിയാഴ്ചയാണ് നേവിസിന്റെ അവയവങ്ങള്‍ കുടുംബം ദാനം ചെയ്തത്. ഹൃദയം, കരള്‍, കൈകള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവയാണ് ദാനം ചെയ്തത്. കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ മൃതസഞ്ജീവനി (കെ.എന്‍.ഒ.എസ്.) വഴിയാണ് അവയവദാന പ്രക്രിയ നടത്തിയത്. 

Read More : ശസ്ത്രക്രിയ വിജയകരം, വീണ്ടും മിടിച്ച് നേവിസിൻ്റെ ​ഹൃദയം: സഹകരിച്ചവർക്ക് നന്ദിയറിയിച്ച് ഡോക്ടർമാർ

ഫ്രാന്‍സില്‍ അക്കൗണ്ടിംഗ് മാസ്റ്ററിന് പഠിക്കുകയായിരുന്നു നേവിസ്. കോവിഡ് കാരണം ഇപ്പോള്‍ ഓണ്‍ലൈനായാണ് ക്ലാസ്. രാത്രിയുള്ള പഠനം കഴിഞ്ഞിട്ട് ഉണരാന്‍ വൈകിയ നേവിസിനെ എട്ടാം ക്ലാസില്‍ പഠിക്കുന്ന സഹോദരി വിസ്മയ വിളിച്ചുണര്‍ത്താന്‍ ചെന്നപ്പോള്‍ ആണ്  അബോധാവസ്ഥയിലാണെന്ന് മനസ്സിലായത്. സെപ്തംബർ പതിനാറിനായിരുന്നു ഈ സംഭവം. ഉടന്‍ തന്നെ കോട്ടയം കാരിത്താസ് ആശുപത്രിയില്‍ എത്തിച്ചു. രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി താഴ്ന്നതുമൂലമുള്ള പ്രശ്‌നമായിരുന്നു നേവിസിന്.

ആരോഗ്യ നിലയില്‍ വലിയ മാറ്റം വരാത്തതിനാല്‍ 20-ാം തീയതി എറണാകുളം രാജഗിരി ആശുപത്രിയില്‍ എത്തിച്ചു. രാത്രിയോടെ നേവിസിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതോടെ നേവിസിന്റെ അച്ഛനും അമ്മയും സ്വമേധയാ അവയവദാനത്തിന് മുന്നോട്ട് വരികയായിരുന്നു. ഹൃദയം കോഴിക്കോട് മെട്രോ ഇന്റര്‍നാഷണല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്കാണ് നല്‍കിയത്. മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ അവയവ വിന്യാസത്തിനായി വലിയ പ്രവര്‍ത്തനങ്ങളാണ് നടന്നത്. അവയവം സ്വീകരിച്ചവര്‍ അതത് ആശുപത്രികളില്‍ സുഖം പ്രാപിച്ചു വരുന്നു.

Follow Us:
Download App:
  • android
  • ios