തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ജൂലൈ 22-ന്, അതായത് ഇന്ന്, അവധിയെന്ന തരത്തിലുള്ള പ്രചാരണങ്ങൾ തെറ്റാണ്. കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ മാത്രമാണ് ഇന്ന് അവധിയുള്ളത്. കോഴിക്കോട് ജില്ലയിൽത്തന്നെ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയില്ല.

കാസർകോട് ഒഴികെ ബാക്കിയെല്ലാ ജില്ലകളിലും അവധിയെന്ന തരത്തിൽ വ്യാജപ്രചാരണങ്ങളും ഒരു വർഷം പഴക്കമുള്ള വാർത്തകളും പ്രചരിച്ച സാഹചര്യത്തിലാണ് ജില്ലാ കളക്ടർമാ‍ർ വിശദീകരണങ്ങളുമായി രംഗത്തെത്തിയത്. 

കണ്ണൂർ

കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചു. മഴ ശക്തമായി തുടരുകയും  ജില്ലയിൽ ദുരന്തനിവാരണ അതോറിറ്റി ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലാണ് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്. അതേസമയം, സർവ്വകലാശാല പരീക്ഷകൾക്ക് മാറ്റമില്ലെന്നും ജില്ലാ കളക്ടർ വ്യക്തമാക്കി.

കോഴിക്കോട്

കോഴിക്കോട് ജില്ലയിൽ പ്ലസ് ടു വരെയുള്ള ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കോഴിക്കോട് ജില്ലാ കലക്ടർ നാളെ (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. അങ്കണവാടികൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും ഐസിഎസ്ഇ, സിബിഎസ്ഇ വിദ്യാലയങ്ങൾക്കും അവധി ബാധകമാണ്. കോളേജുകൾക്കും പ്രൊഫഷണൽ കോളജുകൾക്കും അവധി ഇല്ല. 

കോട്ടയം

കോട്ടയം ജില്ലയില്‍, കോട്ടയം മുനിസിപ്പാലിറ്റിയിലെയും ആര്‍പ്പൂക്കര, അയ്മനം, തിരുവാര്‍പ്പ്, കുമരകം ഗ്രാമപഞ്ചായത്തുകളിലെയും പ്രൊഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (22.07.2019, തിങ്കള്‍) അവധി പ്രഖ്യാപിച്ചു.

തിരുവനന്തപുരം

തിരുവനന്തപുരത്ത് വെട്ടുകാട് സെന്റ് മേരീസ് എൽപി സ്‌കൂളിന് ഇന്ന് (ജൂലൈ 22) അവധി പ്രഖ്യാപിച്ചു. ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ജില്ലയിലെ മറ്റെല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പതിവുപോലെ പ്രവർത്തിക്കും. ഇക്കാര്യത്തിൽ തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്നും കളക്ടർ കെ ഗോപാലകൃഷ്ണൻ  അഭ്യർഥിച്ചു.

പത്തനംതിട്ട

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന തിരുവല്ല തിരുമൂലപുരം സെന്റ് തോമസ് എച്ച്എസ്എസ് സ്‌കൂളിന് മാത്രമാണ് ഇന്ന് (22) ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചതായി വാട്‍സാപ്പിൽ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നുണ്ട്. തെറ്റായ വിവരങ്ങൾ ഷെയർ ചെയ്യരുതെന്ന് അഭ്യർഥിക്കുന്നു.

കാസർകോട്

കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് (22/07/19) കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.നിയമപരമായി അവധി അനുവദിക്കേണ്ട സാധ്യതയില്ല. ജില്ലയിലെ നാല് താലൂക്ക് തഹസിൽദാർമാരും സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്ന് അറിയിച്ചിട്ടുണ്ട്. അതിനാൽ തിങ്കളാഴ്ച ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ പതിവ് പോലെ പ്രവർത്തിക്കേണ്ടതാണ് - കാസർകോട്ട് ജില്ലാ കളക്ടർ ഫേസ്ബുക്ക് പേജിലൂടെ അറിയിക്കുന്നു.