മുഖ്യമന്ത്രിയുടെ സംരംഭക സഹായ പദ്ധതി പ്രകാരം 65 ലക്ഷം രൂപാ വായ്പയെടുത്ത് നിർമ്മാണം പൂർത്തിയാക്കിട്ടും തുടങ്ങാനാകാതെ പ്രതിസന്ധിയിലായ സംരംഭകന്റെ നിസ്സഹായത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെ നടപടിയുണ്ടായി
കൊല്ലം: കിഴക്കേ കല്ലടയിൽ കെ എസ് ഇ ബിയുടെ മുട്ടാപ്പോക്ക് തടസത്തിൽ വൈദ്യുതി കണക്ഷൻ കിട്ടാതെ വലഞ്ഞ യുവ സംരംഭകന്റെ സിമന്റ് കട്ട നിർമ്മാണ യൂണിറ്റിന് ഒടുവിൽ വൈദ്യുതി കിട്ടി. വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി ഇടപെട്ടാണ് നടപടികൾ വേഗത്തിലാക്കിയത്. പോസ്റ്റും ലൈനും കടന്നുപോകുന്ന സ്ഥലം ഉടമയുടെ തടസം പറഞ്ഞ് കെ എസ് ഇ ബി യുവസംരംഭകനായ സഞ്ജയെ വട്ടം കറക്കിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.
മൂന്ന് സ്ഥലം ഉടമകളുടെ അനുമതി വാങ്ങി. ഒരു ലക്ഷത്തി എൻപതിനായിരം രൂപയോളം കെ എസ് ഇ ബി യിൽ അടച്ചു. പുതിയ മൂന്ന് പോസ്റ്റ് ഇട്ടു. പലവിധ തടസങ്ങൾ നീക്കിയിട്ടും സമീപവാസിയായ നാലാമതൊരാളുടെ അനുമതിയില്ലാതെ തെറ്റിദ്ധരിപ്പിച്ചാണ് ലൈൻ വലിച്ചതെന്ന് പറഞ്ഞാണ് ത്രീ ഫേസ് കണക്ഷൻ കെ എസ് ഇ ബി നിഷേധിച്ചത്. മുഖ്യമന്ത്രിയുടെ സംരംഭക സഹായ പദ്ധതി പ്രകാരം 65 ലക്ഷം രൂപാ വായ്പയെടുത്ത് നിർമ്മാണം പൂർത്തിയാക്കിട്ടും തുടങ്ങാനാകാതെ പ്രതിസന്ധിയിലായ സംരംഭകന്റെ നിസ്സഹായത ഏഷ്യാനെറ്റ് ന്യൂസ് പുറത്തുവിട്ടതോടെ ഞൊടിയിടയിൽ നടപടിയുണ്ടായി. തടസം നിന്ന സമീപവാസിയുടെ സ്ഥലത്ത് നിന്ന് പോസ്റ്റ് മാറ്റി സ്ഥാപിച്ചു.
സിമന്റ് കട്ട നിർമ്മാണം തുടങ്ങിയപ്പോൾ മുതൽ ഓരോരോ തടസങ്ങൾ പറഞ്ഞ് ബുദ്ധിമുട്ടിച്ചത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിസാരമായി പരിഹരിക്കേണ്ട തടസം കെഎസ്ഇബി ഉദ്യോഗസ്ഥർ നീട്ടിക്കൊണ്ടു പോയതെന്നാണ് സഞ്ജയ് പറയുന്നത്. തടസങ്ങൾ നീങ്ങിയതോടെ രണ്ടാഴ്ചയ്ക്കക്കം സിമന്റ് കട്ട നിർമ്മാണം തുടങ്ങാനാണ് തീരുമാനം. സമ്മത പത്രം കിട്ടി എതിർപ്പ് നീങ്ങിയതിനാലാണ് വൈദ്യുതി കണക്ഷൻ നൽകിയതെന്നാണ് ഈസ്റ്റ് കല്ലട കെ എസ് ഇ ബി സെക്ഷന്റെ മറുപടി.

