പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സമ്പൂര്‍ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേര്‍ന്നു. ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇന്നത്തെ യോഗത്തിനെത്തി. രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊടിയൂര്‍ മൗലവി പ്രതികരിച്ചു.
കൊച്ചി: വിവാദങ്ങൾക്കിടെ പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സമ്പൂര്‍ണ യോഗം കൊച്ചിയിലെ ആസ്ഥാനത്ത് ചേര്‍ന്നു. എപി സമസ്തയുടെ പ്രതിനിധിയെ ഉൾപ്പെടുത്താനായി അംഗത്വം ഒഴിയാമെന്ന് സന്നദ്ധത അറിയിച്ച ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവിയും ഇന്നത്തെ യോഗത്തിനെത്തി. രാജിക്കാര്യം സര്‍ക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് തൊടിയൂര്‍ മൗലവി പ്രതികരിച്ചു.
എംസി മായിൻ ഹാജിയെ അധ്യക്ഷനാക്കി യുഡിഎഫ് സര്‍ക്കാര്‍ പുന:സംഘടിപ്പിച്ച വഖഫ് ബോര്‍ഡിന്‍റെ ആദ്യ സിറ്റിങ് കൊച്ചിയിലെ ആസ്ഥാനത്ത് രാവിലെ പതിനൊന്നിന് തുടങ്ങി. ഭരണപരമായ തീരുമാനങ്ങൾ മാത്രമായിരുന്നു യോഗത്തിൻ്റെ അജണ്ട. എൽഡിഎഫ് സര്‍ക്കാര്‍ നിയോഗിച്ച കെഎസ് ഹംസ ചെയര്‍മാനായ ബോര്‍ഡിന്‍റെ കാലാവധി വര്‍ഷങ്ങൾ ബാക്കി നിൽക്കെയാണ് യുഡിഎഫ് സര്‍ക്കാര്‍ പുന:സംഘടിപ്പിച്ചത്. എന്നാൽ, കാന്തപുരം അബൂബക്കര്‍ മുസ്ലിയാരുടെ നേതൃത്വത്തിലുള്ള എപി സമസ്തക്ക് പ്രാതിനിധ്യം നൽകിയില്ല. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കി. ലീഗ് മന്ത്രിമാരും ചെയര്‍മാൻ എംസി മായിൻ ഹാജിയും നേരിട്ട് അനുനയത്തിന് ഇറങ്ങി.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി വഖഫ് ബോർഡ് അംഗത്വം ഒഴിയുമെന്നും പകരം എപി വിഭാഗത്തിന്‍റെ പ്രതിനിധിയെ ഉൾപ്പെടുത്താമെന്നുമായിരുന്നു സമവായം. എന്നാൽ, ആരാകും എപി സമസതയുടെ പ്രതിനിധിയെന്ന് അന്തിമ തീരുമാനമായിട്ടില്ല. അതിനിടെ, വഖഫ് ബോര്‍ഡ് പുന:സംഘടക്ക് രാഷ്ട്രീയ മുഖം നൽകിയതിൽ പിഡിപി ബോര്‍ഡ് ആസ്ഥാനത്തേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

