വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവർ ബിന്ദുവും രക്ഷപ്പെട്ടു.
തൃശ്ശൂർ: വടക്കാഞ്ചേരി നഗരസഭ ചെയർമാൻ ഫ്ലാഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനത്തിനിടെ പുഴയിലേക്ക് വീണു. വാഹനത്തിൽ ഉണ്ടായിരുന്ന രണ്ട് പേർ രക്ഷപ്പെട്ടു. നഗരസഭയുടെ പുനരുപയോഗിക്കാവുന്ന സാധന സാമഗ്രികളുടെ കൈമാറ്റക്കടയുടെ ആവശ്യങ്ങൾക്കായി വാങ്ങിയ വാഹനത്തിന്റെ ഉദ്ഘാടനം നടക്കുന്നതിനിടെയാണ് വാഹനം പുഴയിലേക്ക് വീണത്. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അരവിന്ദാക്ഷനും ഷോപ്പ് വാഹനം ഡ്രൈവർ ബിന്ദുവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.
ഉച്ചയോടെയാണ് സംഭവം ഉണ്ടായത്. നഗരസഭ ചെയർമാൻ പി എൻ സുരേന്ദ്രനാണ് വാഹനം ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് വാഹനം മുന്നോട്ട് എടുത്തപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് നേരെ പുഴയിലേക്ക് പതിക്കുകയായിരുന്നു. വാഹനം എടുത്തപ്പോൾ മുൻഭാഗത്ത് ആളുകൾ ഇല്ലാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി. വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നവർ വെള്ളത്തിൽ മുങ്ങിപ്പോയി. ഉടൻ തന്നെ കരയിൽ ഉണ്ടായിരുന്ന ജീവനക്കാർ വെള്ളത്തിൽ ചാടി ഇവരെ രക്ഷപ്പെടുത്തുകയായിരുന്നു. വാഹനം പിന്നീട് പുറത്തെത്തിച്ചു.


