മലയിടം തുരുത്തിലെ കുടിയൊഴിപ്പിക്കല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.
കൊച്ചി: മലയിടം തുരുത്തിൽ പാര്യത്തുകാവിലെ കുടിയൊഴിപ്പിക്കല്‍ വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാരിന് മറ്റ് മാര്‍ഗമില്ലെന്ന് ഹൈക്കോടതി. കോടതി വിധിയെ സര്‍ക്കാര്‍ അനുസരിക്കുകയാണ് വേണ്ടത്. കുടിയൊഴിപ്പിക്കലില്‍ സാങ്കേതികത പറയുകയല്ല വേണ്ടതെന്നും കോടതി വിധിയുടെ ശക്തിയെ ഇല്ലാതാക്കുന്ന നടപടിയാണിതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. കോടതി വിധി സംരക്ഷിക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ട്. ഭൂമിയുടെ അവകാശം സ്ഥാപിച്ചെടുക്കാന്‍ താമസക്കാര്‍ ഒന്നും ചെയ്തിട്ടില്ല. തര്‍ക്കഭൂമിയില്‍ താമസിക്കുന്നവര്‍ക്ക് നിയമപരമായ അവകാശം ഉണ്ടാകണം. അവകാശം സ്ഥാപിച്ചെടുക്കാന്‍ നിയമവഴി തേടിയിട്ടില്ലെന്നും ഹൈക്കോടതി വ്യക്തിമാക്കി. കോടതിയെ സമീപിക്കാത്തിടത്തോളം കുടിയൊഴിപ്പിക്കലിനെ തടയാനാവില്ലെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിച്ചു. എറണാകുളം റൂറല്‍ എസ്പിയുടെ ഹര്‍ജിയിലാണ് നിരീക്ഷണം. ബുദ്ധിമുട്ടില്ലാതെ പ്രശ്‌നം പരിഹരിക്കാന്‍ രണ്ടാഴ്ച സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. തുടർന്ന് അഡ്വക്കറ്റ് ജനറലിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചു. സാധ്യമായ എല്ലാ നടപടികളും സ്വീകരിച്ചുവെന്ന് അഡ്വക്കറ്റ് ജനറല്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മലയിടം തുരുത്തിൽ എത്തുകയും കുടുംബങ്ങളെ സന്ദർശിക്കുകയും ചെയ്തു. യുഡിഎഫ് അധികാരത്തിൽ വന്ന് മണിക്കൂറുകൾക്കുള്ളിൽ പാവപ്പെട്ട ജനങ്ങൾക്ക് നേരെ പോലീസിന്റെ കടന്നാക്രമണം ഉണ്ടായെന്നും സാമ്പത്തിക ശേഷിയുള്ള വിഭാഗത്തിന് വേണ്ടി കോടതി വിധിയുടെ മറവിൽ പോലീസ് ആക്രമണം നടന്നുവെന്നും അദ്ദേഹം ആരോപിച്ചു. എൽഡിഎഫിന്റെ 10 വർഷത്തെ ഭരണത്തിൽ വീടില്ലാത്തവർക്ക് വീടും പട്ടയം ഇല്ലാത്തവർക്ക് പട്ടയവും നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. മലയിടം തുരുത്തിൽ മുത്തങ്ങയുടെ മിനി പതിപ്പിന് പൊലീസ് ശ്രമിച്ചുവെന്നും മലയിടം തുരുത്തിൽ നിന്ന് ആരെയും ഇറക്കി വിടാൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
