കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പ്രതികരണവുമായി വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉപ്പു തിന്നവർ വെള്ളം കുടിക്കുമെന്നും അതാരായാലും അങ്ങനെ തന്നെ ആയിരിക്കുമെന്നും മന്ത്രി പ്രതികരിച്ചു. ഗവൺമെൻ്റിന് ഒന്നും ഒളിച്ചു വയ്ക്കാനില്ല. കുറ്റക്കാർ ആരും രക്ഷപ്പെടില്ല എന്ന് മുഖ്യമന്ത്രി തന്നെ പറഞ്ഞിട്ടുണ്ടെന്നും അതിനെ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

അതേ സമയം, പുറത്തുവിട്ട ഹേമ കമ്മിറ്റി റിപ്പോ‍ർട്ടിൽ സർക്കാർ കൂടുതൽ ഭാഗങ്ങൾ വെട്ടിയതിൽ വിവാദമുണ്ടായിരിക്കുകയാണ്. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ സർക്കാർ ഒഴിവാക്കിയെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്. റിപ്പോര്‍ട്ടിലെ 49 മുതൽ 53 വരെയുള്ള പേജുകൾ സര്‍ക്കാര്‍ ഒഴിവാക്കി.

ആകെ 129 പാരഗ്രാഫുകളാണ് സര്‍ക്കാര്‍ ഒഴിവാക്കിയത്. ഇത് ഒഴിവാക്കിയുള്ള റിപ്പോര്‍ട്ടാണ് സര്‍ക്കാര്‍ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ ഒഴിവാക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചത്. ഇതിന് വിരുദ്ധമായാണ് സര്‍ക്കാരിന്‍റെ വെട്ടിനീക്കൽ. സുപ്രധാന വിവരങ്ങൾ സർക്കാർ മറച്ചുവെച്ചുവെന്നാണ് ആക്ഷേപം. 

വിവരാവകാശ നിയമ പ്രകാരം റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പിനായി അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് റിപ്പോർട്ട് പുറത്തുവിട്ടതെന്ന് സർക്കാര്‍ വിശദീകരണം. സ്വകാര്യ വിവരങ്ങൾ ഒഴിവാക്കാൻ വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചിരുന്നു. ഇത് പരിഗണിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. എന്നാല്‍, വിവരാവകാശ കമ്മീഷൻ ഒഴിവാക്കാൻ നിര്‍ദേശിച്ച 96ാം പാരഗ്രാഫ് പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്.

'ദിലീപ് കേസിൽ പ്രതികരിച്ചു, തനിക്കും അവസരം നഷ്ടമായി'; സിനിമയിൽ പവർ​ഗ്രൂപ്പ് ഉണ്ടാകാമെന്ന് ജോയ് മാത്യു

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News | Latest News Updates