Asianet News MalayalamAsianet News Malayalam

പി വി അന്‍വറിന്‍റെ കൈവശമുള്ള അധികഭൂമി തിരിച്ചുപിടിക്കല്‍; നടപടികൾ 5 മാസത്തിനകം പൂർത്തിയാക്കണമെന്ന് കോടതി

എംഎൽഎക്കെതിരെയുള്ള പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാത്തതിനെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 

The High Court has directed that the process of reclaiming the excess land held by P V Anvar should be completed within five months
Author
Kochi, First Published Jan 15, 2022, 8:45 PM IST

കൊച്ചി: ഭൂപരിഷ്‌ക്കരണം നിയമം ലംഘിച്ച് പി വി അൻവർ എംഎൽഎ (P V Anvar MLA) കൈവശം വച്ച അധികഭൂമി തിരിച്ചുപിടിക്കാനുള്ള നടപടികൾ അഞ്ച് മാസത്തിനകം പൂർത്തിയാക്കണമെന്ന് ഹൈക്കോടതി. ഹര്‍ജിക്കാരനെ കൂടി കേട്ട് വേണം തീരുമാനമെടുക്കാനെന്നും നടപടിക്രമങ്ങൾ നീണ്ട് പോകരുതെന്നും ജസ്റ്റിസ് രാജ വിജയ രാഘവൻ വ്യക്തമാക്കി. എംഎൽഎക്കെതിരെയുള്ള പരാതി ആറുമാസത്തിനകം തീർപ്പാക്കണമെന്ന ഹൈക്കോടതി നിർദ്ദേശം നടപ്പാക്കാത്തതിനെതിരെ സമർപ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. മലപ്പുറം ജില്ലാ വിവരാവകാശ കൂട്ടായ്മ കോ ഓർഡിനേറ്റർ കെ വി ഷാജിയാണ് കോടതിയലക്ഷ്യ ഹര്‍ജി നൽകിയത്. ഹര്‍ജി സിംഗിൾ ബെഞ്ച് തീർപ്പാക്കി.

പി വി അൻവർ എംഎൽഎയും കുടംബവും ഭൂപരിധി ചട്ടം ലംഘിച്ച് ഭൂമി കൈവശം വച്ചെന്ന പരാതിയുമായി ആദ്യം രംഗത്തെത്തിയത് മലപ്പുറം ജില്ല വിവരാവകാശ കൂട്ടായ്മയാണ്. മലപ്പുറം, കോഴിക്കോട് കളക്ടര്‍മാര്‍ സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ പി വി അന്‍വറും കുടുംബവും പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വയ്ക്കുന്നതായി അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം അന്‍വറിനെതിരെ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ലാൻഡ് ബോര്‍ഡ്, താമരശേരി താലൂക്ക് ലാൻഡ് ബോര്‍ഡ് ചെയര്‍മാന് ഉത്തരവും നല്‍കി. എന്നാൽ ഉത്തരവ് മൂന്ന് വർഷമായിട്ടും നടപ്പാക്കാത്തത് ചൂണ്ടിക്കാട്ടി വിവരാവകാശ കൂട്ടായ്മ കണ്‍വീനർ കെ വി ഷാജി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

നടപടി ക്രമങ്ങള്‍ വേഗത്തിലാക്കി, ആറു മാസത്തിനകം താമരശേരി ലാൻഡ് ബോര്‍ഡ് ചെയര്‍മാന്‍, താമരശേരി അഡീഷണല്‍ തഹസില്‍ദാര്‍ എന്നിവര്‍ മിച്ച ഭൂമി കണ്ടുകെട്ടല്‍ നടപടി പൂര്‍ത്തീകരിക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 24 നായിരുന്നു കോടതി ഉത്തരവിട്ടത്.

Follow Us:
Download App:
  • android
  • ios