Asianet News MalayalamAsianet News Malayalam

കെഎം ബഷീറിന്‍റെ മരണം:'സിബിഐ അന്വേഷണം വേണം','മൊബൈൽ ഫോൺ കണ്ടെത്തണം', സഹോദരന്‍റെ ഹർജി ഇന്ന് ഹൈക്കോടതിയിൽ

മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു

 

The High Court will hear the plea seeking a CBI probe into the death of KM Basheer today
Author
First Published Aug 26, 2022, 5:59 AM IST

കൊച്ചി : മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് സഹോദരൻ അബ്ദുഹ്മാൻനൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് ഹർജി പരിഗണിക്കുക.ശ്രീറാം വെങ്കിട്ടരാമനെതിരെ പ്രഥമദൃഷ്ട്യാ കേസ് നിലനിൽക്കുമെന്നിരിക്കെ പ്രോസിക്യൂഷനും പോലീസും പ്രതിയെ സഹായിക്കുകയാണെന്ന് ഹർജിയിൽ പറയുന്നു. 

അപകട ദിവസം കെ.എം. ബഷീറിന്‍റെ മൊബൈൽ ഫോൺ നഷ്ടമായിരുന്നു. എന്നാൽ ഈ ഫോൺ കണ്ടെത്താൻ പോലീസിന് കഴിയാത്തത് ദുരൂഹമാണ്. ഫോണിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ ചില തെളിവുകൾ ഉള്ളതായി സംശയിക്കുന്നുവെന്നും ഹർജിയിലുണ്ട്. സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിക്കുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കുന്നു

ഉന്നത സ്വാധീനമുള്ള പ്രതിയെ സഹായിക്കുകയാണ് പൊലീസ് ചെയ്തത്. കേസിൽ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിട്ടും സർക്കാർ നടപടി സ്വീകരിച്ചില്ലെന്നും പറയുന്നു. 2019 ആഗസറ്റ് 3 നാണ് ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കെ എം ബഷീർ കൊല്ലപ്പെടുന്നത്. കേസിൽ മ്യൂസിയം പൊലീസ് അന്വേഷണം പൂർത്തിയാക്കി തിരുവന്തപുരം സെഷൻസ് കോടതിയിൽ  കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 

കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ വിചാരണ നടക്കുന്നതിനിടെ ആലപ്പുഴ കളക്ടറായി ശ്രീറാം വെങ്കിട്ടരാമനെ നിയമിച്ചിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പ്രതിപക്ഷവും മാധ്യമപ്രവര്‍ത്തകരുടെ സംഘടനയും നിയമനത്തിന് എതിരെ കടുത്ത നിലപാടെടുത്തു. നിയമനത്തിൽ തെറ്റില്ലെന്നും പുനപരിശോധിക്കില്ലെന്നും ആദ്യഘട്ടത്തിൽ സര്‍ക്കാര്‍ ഉറച്ച് നിന്നെങ്കിലും പ്രതിഷേധം കടുത്തതോടെ പിൻവാങ്ങേണ്ടി വന്നു. തുടര്‍ന്ന് ആലപ്പുഴയിൽ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റി സപ്ലൈകോ ജനറൽ മാനേജരായി നിയമിച്ച് ഉത്തരവിറക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios