Asianet News MalayalamAsianet News Malayalam

വിഴിഞ്ഞം സമരം: ചർച്ചയ്ക്കുള്ള സർക്കാരിൻ്റെ ക്ഷണം സ്വീകരിച്ച് ലത്തീൻ അതിരൂപത

വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിൻ്റെ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

The Latin Church accepted the government's invitation to discuss the Vizhinjam strike
Author
Vizhinjam, First Published Aug 18, 2022, 7:35 PM IST

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ തിരുവനന്തപുരത്തെ  മത്സ്യത്തൊഴിലാളികൾ നടത്തി വരുന്ന സമരം അവസാനിപ്പിക്കാൻ ഒത്തുതീർപ്പ് ചർച്ചയ്ക്ക് മുൻകൈയ്യെടുത്ത് സർക്കാർ. വിഷയത്തിൽ നാളെ ചർച്ച നടത്താൻ  ഫിഷറീസ് ചുമതലയുള്ള മന്ത്രി വി.അബ്ദുറഹ്മാൻ സമരക്കാരെ ക്ഷണിച്ചു. സമരസമിതി നേതാവും വികാരിയുമായ ജനറൽ യൂജിൻ പെരേരയുമായി മന്ത്രി ഫോണിൽ സംസാരിച്ചു. ചർച്ചയ്ക്കുള്ള സമയവും സ്ഥലവും മന്ത്രി ആൻ്റണി രാജു സമരക്കാരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും.

അതേസമയം വിഴിഞ്ഞം സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണമെന്ന് തിരുവനന്തപുരം എംപി ശശി തരൂർ ആവശ്യപ്പെട്ടു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്രസർക്കാരിനോട് മുഖ്യമന്ത്രി കൂടുതൽ പണം ആവശ്യപ്പെടണം. വിഴിഞ്ഞം സമരത്തിൻ്റെ പേരിൽ രാഷ്ട്രീയം കളിക്കാനില്ലെന്നും ഇത് ജീവിതത്തിൻ്റെ പ്രശ്നമാണെന്നും തരൂർ ചൂണ്ടിക്കാട്ടി. ഇക്കാര്യം താൻ മുഖ്യമന്ത്രിയെ കണ്ട് ബോധ്യപ്പെടുത്തിയിട്ടുണ്ട്.

കടൽക്ഷോഭത്തിൽ വീട് നഷ്ടമായവർക്ക് തീരത്തിൻ്റെ അടുത്ത് തന്നെ പുനരധിവാസം ഒരുക്കണം. മുഖ്യമന്ത്രി തന്നെ സമരക്കാരുമായി ചർച്ച നടത്തണം. വിഴിഞ്ഞം പദ്ധതി നിർത്തിവയ്ക്കേണ്ടതില്ല. 25 വർഷം കഷ്ടപ്പെട്ട് കൊണ്ടുവന്ന പദ്ധതിയാണ് വിഴിഞ്ഞം. മത്സ്യ തൊഴിലാളികളുടെ പ്രശനങ്ങൾ പരിശോധിച്ച് പരിഹരിച്ച് കൊണ്ടു തന്നെ വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ടു പോകണം. തീരം നഷ്ടപ്പെടുന്നത് തുറമുഖം കൊണ്ടാണെന്ന് പറയുന്നത് ശരിയല്ലെന്നും തരൂർ പറഞ്ഞു. 

അതേസമയം വിഴിഞ്ഞം സമരത്തിനെതിരെ ബിജെപി രംഗത്തെത്തി. കൂടംകുളം പദ്ധതി അട്ടിമറിക്കാൻ ശ്രമിച്ചവർ തന്നെയാണോ വിഴിഞ്ഞം പ്രക്ഷോഭത്തിന് പിന്നിലെന്ന് പരിശോധിക്കണമെന്നും വികസനത്തെ അട്ടിമറിക്കുന്ന നീക്കത്തിൽ നിന്ന് സമരക്കാർ പിന്മാറണമെന്നും സമരത്തിന് പിന്നിൽ ആരെല്ലാം എന്ന് കാത്തിരുന്നു കാണാമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. 

Follow Us:
Download App:
  • android
  • ios