Asianet News MalayalamAsianet News Malayalam

Covid 19 : ആശങ്കയോടെ വടക്കന്‍ കേരളം: രോഗികളുടെ എണ്ണം കൂടുന്നു, കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 17 ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 57
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

The number of covid patients is not decreasing in North Kerala
Author
Kozhikode, First Published Jan 26, 2022, 3:08 PM IST

കോഴിക്കോട്: വടക്കന്‍ കേരളത്തില്‍ കൊവിഡ് രോഗികളുടെ (Covid 19) എണ്ണം കുറയുന്നില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ആരോഗ്യ പ്രവര്‍ത്തകരില്‍ കൊവിഡ് കൂടിയതോടെ ബദല്‍ സംവിധാനം ഒരുക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പ്. ചികിത്സ സൗകര്യങ്ങളുടെ പ്രതിസന്ധി പരിഹരിച്ചെങ്കിലും ആരോഗ്യപ്രവര്‍ത്തകരുടെ കുറവാണ് വടക്കന്‍ ജില്ലകള്‍ നേരിടുന്ന വെല്ലുവിളി.

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മാത്രം 17 ഡോക്ടര്‍മാര്‍ ഉള്‍പ്പടെ 57
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇവിടെ കൊവിഡ്
സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ 211 ആയി. ബീച്ച് ആശുപത്രിയില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൂടി കൊവിഡ് പൊസറ്റീവായി. ഇവിടെ 42 ആരോഗ്യപ്രവര്‍ത്തകരാണ് നിലവില്‍ കൊവിഡ് മൂലം ചികിത്സയിലുള്ളത്. ഈ സാഹചര്യത്തില്‍ അടിയന്തരമായി കൊവിഡ് ബ്രിഗേഡുകളെ നിയമിക്കണമെന്നാണ് ആവശ്യം. 

ഇക്കാര്യം ഉന്നയിച്ച് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ സര്‍ക്കാരിന് കത്തയച്ചു. ആന്‍റിജന്‍ പരിശോധന വ്യാപകമാക്കണമെന്നും കെജിഎംഒഎ കത്തില്‍ ആവശ്യപ്പെട്ടു. ഫറോക്ക് ഇഎസ്ഐ ആശുപത്രിയില്‍ നൂറ് കിടക്കകളുണ്ട്. ഇവിടെ ഈ മാസം 28 മുതല്‍ കൊവിഡ് രോഗികളെ പ്രവേശിപ്പിക്കാന്‍ തീരുമാനമായി. സര്‍ക്കാര്‍ ഹോമിയോ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും 100 കിടക്കകള്‍ ഒരുക്കിയതോടെ കൊവിഡ് രോഗികളെ കിടത്തി ചികിത്സിക്കുന്നതിലെ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായിട്ടുണ്ട്. പാലക്കാടും കൊവിഡ് രോഗികളുടെ എണ്ണം ദിവസവും കൂടുന്നുണ്ട്.

ആരോഗ്യപ്രവര്‍ത്തകരിലും കൊവിഡ് വ്യാപനം രൂക്ഷമാണ്. അതിനാല്‍ ജീവനക്കാരുടെ കുറവ് ജില്ലയിലുണ്ട്. മലപ്പുറം ജില്ലയില്‍ കൊവിഡ് രോഗികളുടെ എണ്ണം വലിയതോതില്‍ കൂടി. മൂവായിരത്തിന് മുകളിലേക്ക് രോഗികള്‍ ഉയര്‍ന്നതോടെ ആരോഗ്യ വകുപ്പ് ജാഗ്രതയിലാണ്. കാസര്‍ഗോഡും കൊവിഡ് രോഗികള്‍ കൂടിയിട്ടുണ്ട്. വയനാട്, കണ്ണൂര്‍ ജില്ലകളിലും രോഗികളുടെ എണ്ണം കുറഞ്ഞിട്ടില്ല. എങ്കിലും ആവശ്യത്തിന് സൗകര്യങ്ങള്‍ ഇവിടെ ഉണ്ടെന്നാണ് ആരോഗ്യവകുപ്പ് നല്‍കുന്ന വിശദീകരണം.
 

Follow Us:
Download App:
  • android
  • ios