മുൻ എക്സൈസ് കമ്മീഷണർ സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി. സിയാലിൻ്റെ മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവ് റദ്ദാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ ബാറുകൾക്ക് ലൈസൻസ് അനുവദിച്ച മുൻ എക്സൈസ് കമ്മീഷണർ സീറാം സാംബശിവ റാവുവിൻ്റെ നടപടി സർക്കാർ റദ്ദാക്കി. സിയാലിൻ്റെ മൂന്നാമത്തെ ബാറിന് ലൈസൻസ് അനുവദിച്ചുകൊണ്ടുള്ള ഉത്തരവാണ് റദ്ദാക്കിയത്. കമ്മീഷണർ അനുമതി നൽകിയെങ്കിലും സർക്കാർ എതിർപ്പുയർത്തിയതിനാൽ ഉത്തരവായി പുറത്തിറങ്ങിയിരുന്നില്ല.

എറണാകുളത്ത് രണ്ടും കോട്ടയത്ത് ഒന്നും ബിയർപാലറിന് വിദേശ മദ്യവിൽപ്പനക്കുള്ള ലൈസൻസ് നൽകിയ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടിയിൽ എക്സൈസ് മന്ത്രി കർശന നിലപാടുമായി മുന്നോട്ട് പോകുന്നതിനിടെയാണ് സംസ്ഥാനത്ത് പുതിയ രണ്ട് ബാറുകൾക്ക് കൂടി ലൈസൻസ് അനുവദിച്ചിട്ടുണ്ടെന്ന വാർത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിടുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ലോഞ്ചിലെ രണ്ട് പുതിയ ബാറിനാണ് ലൈസൻസ് നൽകിത്. ട്രാവൽ ഫുഡ് സർവ്വീസസ് ലിമിറ്റഡ് എന്ന കമ്പനിയുടെ അപേക്ഷ പരിഗണിച്ച് എയർപോർട്ട് ലോഞ്ചുകളിൽ നൽകുന്ന എഫ്എൽ 7 ലൈസൻസ് അനുവദിച്ച് സാംബശിവ റാവു ആയിരുന്നു ഉത്തരവിറക്കിയത്. ഇതിനെ തുടർന്ന് സാംബശിവ റാവുവിനെ പുറത്താക്കുകയായിരുന്നു.