Asianet News MalayalamAsianet News Malayalam

ജയില്‍ ചാടിയ ശില്‍പ്പയേയും സന്ധ്യയേയും കുടുക്കിയത് ആ ഫോണ്‍വിളി...

ജയിൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തയ്യൽ പഠിക്കുന്നതിനിടെ പരിസരം നിരീക്ഷിച്ചായിരുന്നു പദ്ധതി തയ്യാറാക്കിയത്.

the phone call to a friend trapped shiklpa and sandhya
Author
Trivandrum, First Published Jun 28, 2019, 3:46 PM IST

തിരുവനന്തപുരം: മോതിരം മോഷ്ടിച്ചതിനാണ് പാങ്ങോട് സ്വദേശിയായ ശില്‍പ്പ അറസ്റ്റിലാവുന്നത്. സന്ധ്യ അറസ്റ്റിലായത് മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിനും. റിമാന്‍ഡ് പ്രതികളായ ഇരുവര്‍ക്കുമെതിരെ ചുമത്തിയത്  മൂന്ന് മാസം വരെ ശിക്ഷയുള്ള കുറ്റവും. ജയില്‍ കാലാവധി നീളുമെന്ന ഭയത്തെ തുടര്‍ന്ന് ജയില്‍ ചാടിയെന്നാണ് ഇരുവരും നല്‍കിയ മൊഴി. എന്നാല്‍ ജയിൽചാട്ടവും പിന്നീടുള്ള മോഷണവും കാരണം ഒരു വർഷം മുതൽ മൂന്ന് വർഷം വരെ ഇനി ഇരുവരും ജയിലിൽ കഴിയേണ്ടിവരും.

ചൊവ്വാഴ്ച ജയിൽ ചാടിയ  സന്ധ്യയെയും  ശിൽപയെയും ഇന്നലെ രാത്രിയാണ് പാലോടുനിന്നും പിടികൂടിയത് . ആസൂത്രിതമായാണ് ഇരുവരും ജയില്‍ ചാടിയത്. ജയിൽ കെട്ടിടത്തിന്‍റെ മൂന്നാം നിലയിൽ തയ്യൽ പഠിക്കുന്നതിനിടെ പരിസരം നിരീക്ഷിച്ചായിരുന്നു പദ്ധതി തയ്യാറാക്കിയത്. ജയിൽ ചാടിയതിന് പിന്നാലെ ഇരുവരും ആദ്യം എസ്എടി ആശുപത്രി പരിസരത്തെത്തി. അവിടെ  നിന്നും പേഴ്സ് മോഷ്ടിച്ച ശേഷം പിന്നെ വർക്കല ഭാഗത്തേക്ക് പോയി.

അവിടെ വച്ച് ഒരു ഓട്ടോ ഡ്രൈവറുടെ മൊബൈൽ വാങ്ങി ശില്‍പ്പയുടെ സുഹൃത്തിനെ വിളിച്ചു. സംശയം തോന്നിയ ഡ്രൈവർ ആ നമ്പറിലേക്ക് തിരിച്ചുവിളിച്ചപ്പോഴാണ് ഇവർ ജയിൽ ചാടിയവരാണെന്ന് അറിഞ്ഞത്. ഡ്രൈവർ പൊലീസിനെ അറിയിച്ചതോടെയാണ് ഇരുവരും കുടുങ്ങുന്നത്. വർക്കലയിൽ നിന്നും പാരിപ്പള്ളിയിലെത്തിയ ഇരുവരും അവിടെ നിന്നും ഒരു സ്കൂട്ടർ മോഷ്ടിച്ചു. സ്കൂട്ടറിൽ ശിൽപയുടെ വീട്ടിലേക്ക് പോകുംവഴിയാണ്  പിടിയിലാകുന്നത്. ഇരുവരും സാമ്പത്തികമായി താഴേത്തട്ടിലുള്ള കുടുംബത്തിലുള്ളവരാണ്. രണ്ട് പേരും ചെറിയ കുട്ടികളുടെ അമ്മമാരുമാണ്. ജാമ്യമെടുക്കാൻ പണമില്ലാത്തതിനാലാവണം ഇവർ ജയിൽ ചാടാൻ തീരുമാനിച്ചതെന്നായിരുന്നു പൊലീസ് പ്രാഥമിക നിഗമനം.


 

Follow Us:
Download App:
  • android
  • ios