പിണറായി സർക്കാർ മൗലികശക്തികളോട് പുലർത്തുന്നത് മൃദുസമീപനം; സംസ്ഥാന സര്‍ക്കാരിനെതിരെ ജെ പി നദ്ദ
കളമശ്ശേരി സ്ഫോടനം തീർത്തും അപലപനീയമാണ്. പിണറായി സർക്കാർ മൗലികശക്തികളോട് പുലർത്തുന്നത് മൃദുസമീപനമാണെന്നും നദ്ദ വിമർശിച്ചു.

കൊച്ചി: കളമശ്ശേരി സ്ഫോടനത്തിൽ നിക്ഷ്പക്ഷ അന്വേഷണം വേണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നദ്ദ. പിണറായി സർക്കാർ മൗലിക ശക്തികളോട് മൃദു സമീപനം സ്വീകരിക്കുന്നുവെന്നും നദ്ദ വിമര്‍ശിച്ചു ദൈവത്തിന്റെ സ്വന്തം നാട്ടിൽ എങ്ങനെ ബോംബ് സ്ഫോടനം നടന്നെന്ന് അന്വേഷിക്കാൻ സർക്കാർ തയ്യാറാകണം. മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് എൻഡിഎ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു നദ്ദ. സെക്രട്ടറിയേറ്റിലെ കന്റോൺമെന്റ് ഗേറ്റ് ഒഴികെയുള്ള ഗേറ്റുകളാണ് എൻഡിഎ പ്രവർത്തകർ ഉപരോധിച്ചത്. രാവിലെ ആറ് മണി മുതൽ നടത്തിയ ഉപരോധസമരത്തിൽ ആയിരക്കണക്കിന് പേർ പങ്കെടുത്തു.
പിണറായി വിജയൻ സർക്കാരിൽ അടിമുടി അഴിമതിയാണെന്നും എൽഡിഎഫും യുഡിഎഫും ഒരു നാണയത്തിന്റെ ഇരുവശമാണെന്നും നദ്ദ കുറ്റപ്പെടുത്തി. അഴിമതിയോടും വർഗീയ ശക്തികളോടും ഇവർക്ക് ഒരേ നിലപാടാണ്. കളമശ്ശേരി സ്ഫോടനം തീർത്തും അപലപനീയമാണ്. ഹമാസ് നേതാവ് ഇവിടെ റാലിയെ അഭിസംബോധന ചെയ്യുന്നു. ഇത് അഗീകരിക്കാനാകുമോ എന്നും നദ്ദ ചോദിച്ചു. കളമശ്ശേരി സ്ഫോടനത്തിൽ നിഷ്പക്ഷ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാർ അതിന് മുഴുവൻ പിന്തുണയും നൽകും. ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഈ ബോംബ് സ്ഫോടനം എങ്ങനെ നടന്നെന്ന് പിണറായി സർക്കാർ പരിശോധിക്കണമെന്നും നദ്ദ ആവശ്യപ്പെട്ടു.
കേരളത്തിലേത് അഴിമതി ഭരണവും കൊള്ളയും സ്വജനപക്ഷപാതവുമാണെന്നും നദ്ദ കുറ്റപ്പെടുത്തി. മോദി ഭരണത്തിൽ ഇന്ത്യ സാമ്പത്തിക ശക്തിയായി മാറി. മോദി കേരളത്തെ സ്നേഹിക്കുന്നു. അദ്ദേഹം വന്ദേഭാരതും വാട്ടർ മെട്രോയും കേരളത്തിന് നൽകി. കൂടാതെ റെയിൽവേ വികസനം സാധ്യമാക്കിയെന്നും നദ്ദ ചൂണ്ടിക്കാട്ടി. പിണറായി സർക്കാർ അഴിമതിക്കാരുടെ സംരക്ഷണമായി മാറി. സഹകരണ ബാങ്കുകളിൽ നടന്നത് വലിയ ക്രമക്കേടാണ്. മുഖ്യമന്ത്രിയുടെ മകൾ അനധികൃത പണമിടപാട് നടത്തി. കേരളത്തിൽ ലഹരി ഉപയോഗം കുത്തനെ കൂടിയിട്ടും സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്നും നദ്ദ വിമർശിച്ചു.
പിണറായി സർക്കാർ കേന്ദ്ര പദ്ധതികളെ അട്ടിമറിക്കുകയാണ്. ആറ് വരി ദേശീയ പാത വികസനം സംസ്ഥാന സർക്കാർ അട്ടിമറിക്കുന്നുവെന്നും സ്ഥലം ഏറ്റെടുത്ത് നൽകുന്നില്ലെന്നും നദ്ദ ചൂണ്ടിക്കാണിച്ചു. ക്രമസമാധാന നിലയെ കുറിച്ച് പറയാതിരിക്കുന്നതാണ് ഭേദം. ആലുവയിൽ അഞ്ച് വയസുകാരി മരിച്ചതെങ്ങനെയെന്ന് ചോദിച്ച നദ്ദ അവിടെയും സർക്കാർ നോക്കുകുത്തിയായി എന്നും വിമര്‍ശിച്ചു.