അട്ടക്കുളങ്ങര ഗവൺമെന്റ് സ്കൂൾ കെട്ടിടത്തിന്റെ മേല്‍ക്കൂര തകർന്നു വീണു. വൈകിട്ട് അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. സംഭവത്തിൽ ആളപായമില്ല.
തിരുവനന്തപുരം: തിരുവനന്തപുരം അട്ടകുളങ്ങര സർക്കാർ സ്കൂൾ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. സ്കൂൾ കോമ്പൗണ്ടിലെ സമഗ്ര ശിക്ഷാ കേരളയുടെ ജില്ലാ പ്രൊജക്ട് ഓഫീസ് പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിൽ വൈകിട്ട് അഞ്ചരക്ക് ആണ് അപകടം ഉണ്ടായത്. അപകട സമയത്ത് ഓഫീസിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് തേടി.
വൈകിട്ട് 5 മണിയോടെ ഓഫീസ് ജീവനക്കാർ മടങ്ങിയതിന് പിന്നാലെയാണ് നഗര ഹൃദയത്തിൽ സ്ഥിതി ചെയ്തിരുന്ന കെട്ടിടത്തിൻ്റെ ഓടുമേഞ്ഞ മേൽക്കൂര അടക്കം നിലം പൊത്തിയത്. വൻ ശബ്ദം കേട്ട് ആളുകൾ ഓടിയെത്തി. ഹൈസ്കൂൾ കെട്ടിടത്തിന് എതിര്‍വശത്ത് 50 മീറ്റർ ദൂരെയാണ് സമഗ്ര ശിക്ഷ കേരളയുടെ ജില്ല ഓഫീസായി പ്രവർത്തിക്കുന്ന കെട്ടിടം. 30ലധികം ജീവനക്കാർ ഓഫീസിൽ ജോലി ചെയ്യുന്നുണ്ട്. അപകട സമയത്ത് ഓഫീസിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നാട്ടുകാരുടെ സഹായത്തോടെ ഫയലുകളും കമ്പ്യൂട്ടറുകളും അടക്കമുള്ളവ മാറ്റി. ഓഫീസ് കെട്ടിടമായതിനാൽ നഗരസഭയുടെ എന്‍ഓസി കെട്ടിടത്തിനില്ലെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ആറുവർഷത്തിനിടെ മൂന്ന് കോടി രൂപ ചെലവിട്ട് രണ്ടു തവണ കെട്ടിടം നവീകരിച്ചിരുന്നു. ഏറ്റവും ഒടുവിൽ നവീകരണം നടത്തി ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ്. പഴയ കെട്ടിടം ആയതിനാൽ പൊളിച്ച് നീക്കാൻ തീരുമാനിച്ച കെട്ടിടം എന്തിന് പുതുക്കി പണിതെന്നും വി ശിവൻകുട്ടി മറുപടി പറയണമെന്നും മേയർ വിവി രാജേഷ് പറഞ്ഞു. വിഷയത്തിൽ വിദ്യാഭ്യാസ മന്ത്രി ജില്ലാ വിദ്യാഭ്യാസ ഓഫീസറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

