കപ്പലില്‍ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്.
കൊച്ചി: എംഎസ്‌സി എൽസ 3 എന്ന ചരക്ക് കപ്പല്‍ കേരളതീരത്തെ പുറംകടലിൽ മുങ്ങിയതിനെ തുടര്‍ന്ന് കേസെടുത്ത സംഭവത്തില്‍ കപ്പൽ ജീവനക്കാർ രാജ്യം വിട്ടിട്ടില്ല എന്ന് വിവരം. കപ്പലിന്‍റെ ക്യാപ്റ്റൻ അടക്കം ഡി ജി ഷിപ്പിങ്ങിന്‍റെ നിരീക്ഷണത്തിലാണ്. മാത്രമല്ല കപ്പൽ ജീവനക്കാരെ കോസ്റ്റൽ പൊലീസ് ചോദ്യം ചെയ്യും. രക്ഷാദൗത്യത്തിൽ ഏർപ്പെട്ട നേവി, കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. അപകടത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ഫോര്‍ട്ട് കൊച്ചി പൊലീസ് കേസെടുത്തത്. കപ്പൽ ഉടമയെ ഒന്നാംപ്രതി ചേർത്താണ് എഫ്ഐആർ എടുത്തിരിക്കുന്നത്. ഷിപ്പ് മാസ്റ്റർ, ക്രൂ അംഗങ്ങൾ എന്നിവരെ രണ്ടും മൂന്നും പ്രതികളാക്കിയിട്ടുണ്ട്.
കപ്പലില്‍ അപകടകരമായ വിധത്തിലുള്ള 13 കണ്ടെയ്നറുകള്‍ ഉണ്ടായിരുന്നതായി ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചത്. ഇതിൽ 12 എണ്ണം കാൽസ്യം കാർബേഡാണ്. ഇതില്‍ അഞ്ചെണ്ണം വെള്ളത്തിൽ വീണെങ്കിലും ഇതുവരെ തീരത്ത് അടുത്തിട്ടില്ല. കപ്പൽ മുങ്ങിയതിന് കാരണം സാങ്കേതിക തകരാർ എന്നാണ് പ്രാഥമിക നിഗമനമെന്നും അദ്ദേഹം പറഞ്ഞു.
അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് ഒരു തടസമില്ലെന്നും സര്‍ക്കാറും വ്യക്തമാക്കുന്നു. കാൽസ്യം കാർബേഡ് അടങ്ങിയ അഞ്ച് കണ്ടെയ്നറുകള്‍ വെള്ളത്തിൽ വീണിട്ടുണ്ടെന്നും ഇവ ഇതുവരെ തീരത്ത് അടുത്തിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കപ്പല്‍ അപകടത്തെ തുടര്‍ന്ന് മത്സ്യബന്ധന മേഖലയിലുണ്ടായ ആശങ്കകള്‍ ചര്‍ച്ച ചെയ്യാന്‍ മന്ത്രി സജി ചെറിയാന് തലസ്ഥാനത്ത് വിദഗ്ദരുടെ യോഗം വിളിച്ചു. അപകടകരമായ യാതൊന്നും കടലില്‍ കലര്‍ന്നിട്ടില്ലെന്നും മത്സ്യം കഴിക്കുന്നതിന് തടസമില്ലെന്നും വിദഗ്ദര്‍ അറിയിച്ചതായി സജി ചെറിയാന്‍ പറഞ്ഞു. കപ്പലിൽ നിന്ന് തീരത്ത് അടിഞ്ഞ പ്ലാസ്റ്റിക് തരികൾ നീക്കാൻ സന്നദ്ധ പ്രവർത്തകരെ നിയോഗിച്ചു. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ചേർന്ന വിദഗ്ദരുടെ യോഗത്തിലാണ് തീരുമാനം. ഡ്രോണ്‍ സര്‍വ്വേ അടക്കം നടത്തി ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ച് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാനാണ് ശ്രമം. പാരിസ്ഥിതിക ആഘാതമുണ്ടാക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യുന്നത്. കപ്പല്‍ മുങ്ങിയ സ്ഥലത്ത് നിന്ന് 20 നോട്ടിക്കല്‍ മൈല്‍ പ്രദേശത്ത് മത്സ്യ ബന്ധനം പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

