അനന്തൻ പുറംലോകം ഒന്ന് കാണണമെങ്കിൽ അമ്മ നെഞ്ചോട് ചേർത്ത് വാരിയെടുത്ത് നടക്കണം. കമിഴ്ന്ന് നീന്തിയ കുഞ്ഞ് നടക്കാത്തതെന്തെന്ന സംശയത്തിലാണ് ഡോക്ടറെ ചെന്ന് കണ്ടത്...

കൊച്ചി: മരുന്നും ചികിത്സയും മാത്രമല്ല സുരക്ഷിതമായ കിടപ്പാടം പോലുമില്ലാത്തവരുമുണ്ട് സംസ്ഥാനത്തെ SMA ബാധിതരായ കുട്ടികൾക്കിടയിൽ. കൊച്ചിയിലെ പുറമ്പോക്ക് കോളനിയിൽ എട്ട് വയസ്സുകാരൻ അനന്തനുമായി ജീവിതത്തോട് പോരടിക്കുകയാണ് അമ്മ ലതികയും അച്ഛൻ അനിൽ കുമാറും. സാന്പത്തിക ബാധ്യത കാരണം മകന്‍റെ ഫിസിയോതെറാപ്പിയും മുടങ്ങുമോ എന്ന ആശങ്കയിലാണ് ഈ കുടുംബം.

അനന്തൻ പുറംലോകം ഒന്ന് കാണണമെങ്കിൽ അമ്മ നെഞ്ചോട് ചേർത്ത് വാരിയെടുത്ത് ഇങ്ങനെ നടക്കണം. കമിഴ്ന്ന് നീന്തിയ കുഞ്ഞ് നടക്കാത്തതെന്തെന്ന സംശയത്തിലാണ് ഡോക്ടറെ ചെന്ന് കണ്ടത്. ഒന്നരവയസ്സിൽ മകന് സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ്വ രോഗമെന്ന് അറിഞ്ഞു. ഫിസിയോ തെറാപ്പി മാത്രമാണ് രോഗത്തിന് പരിഹാരമെന്ന് എട്ട് വർഷങ്ങൾക്ക് മുൻപ് കേട്ടതിന്‍റെ മരവിപ്പ് ഇന്ന് ലതികക്കില്ല. മകന് ആരോഗ്യവാനായി നടക്കാൻ മരുന്നുണ്ട്. എന്നാൽ കൊച്ചി പി ആൻഡി കോളനിയിലെ ഈ ഒറ്റമുറി വീട്ടിലെ പ്രതീക്ഷകൾക്ക് ആത്മധൈര്യം മാത്രമാണ് ഇന്ധനം.

മരുന്ന് എത്തും വരെ മകനെ കണ്ണിമ ചിമ്മാതെ കാക്കണം. പ്രതിരോധ ശേഷിയെ പരീക്ഷിക്കുന്ന ഒരു ചെറിയ പനിക്ക് പോലും അവസരം ഒരുക്കാതെ. എന്നാൽ ഏത് മഴയത്തും മുങ്ങുന്ന പി ആൻഡി കോളനിയിൽ ആ ആഗ്രഹമൊരു ആർഭാടമാണ്. കടവന്ത്ര കേന്ദ്രീയ വിദ്യാലയത്തിൽ മൂന്നാം ക്ലാസിൽ പഠിക്കുന്ന അനന്തന് വാനോളമാണ് സ്വപ്നങ്ങൾ. സ്വപ്നങ്ങളിലേക്ക് നടന്നെത്താൻ അനന്തനും, അമ്മ ലതികയും ചെയ്യുന്ന ഈ അദ്ധ്വാനത്തിന് സർക്കാരിന്‍റെയും, പൊതുസമൂഹത്തിന്‍റെയും പിന്തുണ കൂടിയേ തീരൂ...

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona