തിരുവനന്തപുരം: വിദ്യാർത്ഥികൾക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം തെറ്റാണെങ്കിൽ തിരുത്തണമെന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ. കേന്ദ്രമാണെങ്കിലും സംസ്ഥാനമാണെങ്കിലും ഭരണകൂടം വ്യക്തികൾക്കെതിരെ മാറരുത്. ഏത് തരത്തിലുളള പുസ്തകം വായിക്കാനും എഴുതാനും ജനങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. വിധ്വംസക പ്രവർത്തനമെന്ന് ഉറപ്പാക്കാതെ പൊലീസ് യുഎപിഎ പോലുളള കേസുകൾ എടുക്കരുതെന്നും അടൂർ ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Read More: ഇതൊന്നും ചെയ്യുന്നത് സര്‍ക്കാരല്ല, പൊലീസ് നടപടികള്‍ അസാധാരണം, അവനെ ഞങ്ങള്‍ക്ക് വിശ്വാസമാണ്: സജിത മഠത്തിൽ

ഭരണകക്ഷിയിലെ പാർട്ടികളും പ്രതിപക്ഷവും ഇപ്പോൾ സാംസ്കാരിക പ്രവ‍ർത്തകരും യുഎപിഎ ചുമത്തിയ പൊലീസ് നടപടിയ്ക്കെതിരെ കടുത്ത നിലപാട് ആണ് സ്വീകരിക്കുന്നത്. പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടെയും മേല്‍ ഈ സര്‍ക്കാരിന് നിയന്ത്രണമില്ലെന്ന് സംവിധായകൻ ആഷിഖ് അബുവും വിമർശിച്ചിരുന്നു.യുവാക്കളുടെ മേൽ യുഎപിഎ ചുമത്തിയത് ജനാധിപത്യവിരുദ്ധമാണെന്ന ആക്ഷേപമാണ് പരക്കെ ഉയരുന്നുന്നത്. 

'വാളയാർ സംഭവം ഉണ്ടാകാൻ പാടില്ലാത്തത്'

വാളയാർ സംഭവം ഉണ്ടാകാൻ പാടില്ലാത്തതെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. പ്രതികൾ എത്രയും പെട്ടെന്ന് ശിക്ഷിക്കപ്പെടണം. ഉത്തരേന്ത്യയിലെ ആൾക്കൂട്ടക്കൊലയും വാളയാർ സംഭവവും താരതമ്യപ്പെടുത്തരുതെന്നും അദ്ദേഹം പറഞ്ഞു. വാളയാർ വിഷയത്തിൽ ഇതുവരെ പ്രതികരിക്കാത്തതിനെ കുറിച്ചുളള വിമർശനങ്ങൾക്കും അടൂർ മറുപടി നൽകി. എന്തെങ്കിലും സംഭവമുണ്ടാകുമ്പോൾ ഉടൻ മാധ്യമങ്ങളിലൂടെ പ്രസ്താവന നടത്തുന്നത് തന്റെ രീതിയല്ലെന്നായിരുന്നു വിമർശകർക്കുള്ള അടൂരിന്റെ മറുപടി.

Read More: മാവോയിസ്റ്റുകളെ തേടി കാട് കയറണ്ട,അവർ കമ്മ്യൂണിസ്റ്റ് കൂടാരത്തിൽ തന്നെയുണ്ട്: പരിഹാസവുമായി കെ മുരളീധരൻ