ബോംബേയിലേക്കും അറബ് നാടുകളിലേക്കും നിറയെ പത്തേമാരികള്‍ പോയ കാലം പൊന്നാനിക്കുണ്ടായിരുന്നു. അന്നത്തെ സ്രാങ്കുമാരിപ്പോഴും പാണ്ടികശാലയിലെത്താറുണ്ട്. അവരുടെ ഓര്‍ത്തോര്‍ത്ത് തെളിഞ്ഞ ശുജായിത്തരങ്ങള്‍ പട്ടാളക്കഥകള്‍ പോലെ കേട്ടിരിക്കും ഇവിടത്തെ കുട്ടികള്‍. 

പൊന്നാനി: കച്ചവടത്തിനും ജോലിക്കുമായി പത്തേമാരികളില്‍ കടല്‍ കടന്ന ഒരു കാലമുണ്ടായിരുന്നു കേരളത്തിന്. ജീവന്‍ പണയം വെച്ചുള്ള യാത്രയില്‍ കടലില്‍ തീര്‍ന്നവരും കര കണ്ടവരും ഒത്തിരിയാണ്. അന്ന് പത്തേമാരികളെ നയിച്ച കുറച്ച് സ്രാങ്കുമാരിപ്പോഴുമുണ്ട് പൊന്നാനിയില്‍. ഇരുന്നൂറോളം പത്തേമാരികള്‍ നിരന്ന് കിടന്നിരുന്ന പൊന്നാനി തുറമുഖത്തിന്റെ ഓര്‍മയിലേക്ക് മമ്മൂട്ടിസ്രാങ്കിന് നല്ല കാഴ്ചയാണ്. നക്ഷത്രങ്ങള്‍ കാണിച്ച ദിശയും കാറ്റ് കൊണ്ടുപോയ വഴിയും പാട്ടൊഴുകിയ പത്തേമാരിയും.

പാതി പൊളിഞ്ഞ പാണ്ടികശാലകളും അഞ്ചോ ആറോ സ്രാങ്കുകളും മാത്രമേ അക്കാലത്തിന്റേതായിപ്പോള്‍ പൊന്നാനിക്കുണ്ടാകൂ. നന്നായി ജീവിക്കാനായി മരിക്കാനും തയ്യാറെടുക്കുന്നവര്‍ പത്താമാരിയിലേക്ക് കയറുമ്പോള്‍ സ്രാങ്കിന്റെ കണ്ണിലേക്ക് ഒന്നുനോക്കും. കൈവെള്ളയില്‍ അവര്‍ വെക്കുന്ന മുട്ട സുര്‍ക്കയില്‍, ഏത് കാറ്റിനെ കടന്നും ലക്ഷ്യത്തിലെത്തിക്കാമെന്നൊരുറപ്പ് വാങ്ങും. കൈവിട്ട് കടലിനെയേല്‍പ്പിക്കുകയാണ്. കാത്തിരിക്കുന്നത് കൊടുങ്കാറ്റും തിരയുമാകാം, കൊടിയ മഴയുമാകാം. 

ബോംബേയിലേക്കും അറബ് നാടുകളിലേക്കും നിറയെ പത്തേമാരികള്‍ പോയ കാലം പൊന്നാനിക്കുണ്ടായിരുന്നു. അന്നത്തെ സ്രാങ്കുമാരിപ്പോഴും പാണ്ടികശാലയിലെത്താറുണ്ട്. അവരുടെ ഓര്‍ത്തോര്‍ത്ത് തെളിഞ്ഞ ശുജായിത്തരങ്ങള്‍ പട്ടാളക്കഥകള്‍ പോലെ കേട്ടിരിക്കും ഇവിടത്തെ കുട്ടികള്‍. പാടിയും പോരാടിയുമന്ന് പൊന്നാനിമണ്ണില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ വളര്‍ത്താനുമിവരുണ്ടായി. മത്സ്യത്തൊഴിലാളി യൂണിയന്‍ രൂപീകരിച്ച് അവകാശങ്ങളെക്കുറിച്ച് മാപ്പിളമാര്‍ക്ക് പറഞ്ഞുകൊടുത്തവരാണിവര്‍.

YouTube video player

കാലങ്ങളുടെ കടലറിവുകളായിരുന്നു കൈമുതല്‍. വടക്കുനിന്ന് കാച്ചാനെന്ന കാറ്റ് വീശിയാല്‍ കടല്‍ക്ഷോഭത്തിന്റെ സൂചനയാണ്. കോള് തീരും വരെ പത്തേമാരിയുടെ പായ താഴ്ത്തി നങ്കൂരമിട്ട് അനങ്ങാതിരിക്കും. കടലുനോക്കി അതേ നങ്കൂരമിട്ടിരിപ്പിലാണ് മമ്മൂട്ടി സ്രാങ്കും. ഓര്‍മകളുടെ കോള് ഇപ്പോഴും അടങ്ങിയിട്ടില്ല ഇയാളുടെ നെഞ്ചില്‍.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona