പുതിയതായി നിയമിച്ച അങ്കണവാടി വീട്ടിൽ നിന്നും ദൂരത്തിലാണെന്നാണ് സഫിയത്ത് ടീച്ചർ പറയുന്നത്
മലപ്പുറം : സ്ഥലം മാറ്റം കിട്ടിയ അധ്യാപിക അങ്കണവാടി വിട്ടു പോകാൻ തയാറല്ല. ചുമതല ഏറ്റെടുക്കേണ്ട ടീച്ചറാകട്ടെ ദിവസങ്ങളായി ക്ലാസിനു പുറത്തിരിക്കുന്നു. മലപ്പുറം നിലമ്പൂരിലെ ഒരു അങ്കണവാടിയിലാണ് ഒരു അധ്യാപിക അകത്തും മറ്റൊരാൾ പുറത്തും എന്നുള്ള അവസ്ഥ.
ആറങ്കോട്ട് അങ്കണവാടി ആണ് സ്ഥലം. അകത്തൊരു ടീച്ചര്‍ ക്ലാസെടുക്കുന്നു. ടീച്ചറുടെ പേര് സഫിയത്ത്. പുറത്ത് ഇരിക്കുന്നതും മറ്റൊരു ടീച്ചറാണ്. പേര് ലൈസമ്മ മാത്യു. ലൈസമ്മ മാത്യു ടീച്ചറെ മറ്റൊരു അങ്കണവാടിയില്‍ നിന്നും ആറങ്കോട്ട് അങ്കണവാടിയിലേക്ക് മാറ്റിയതാണ്. പക്ഷെ സ്ഥലം മാറിപോകാന്‍ അകത്തുള്ള സഫിയത്ത് ടീച്ചര്‍ തയ്യാറാകുന്നേയില്ല.
പുതിയതായി നിയമിച്ച അങ്കണവാടി വീട്ടിൽ നിന്നും ദൂരത്തിലാണെന്നാണ് സഫിയത്ത് ടീച്ചർ പറയുന്നു. കുറേ നേരം നടക്കണം.സർവേക്ക് ഒക്കെ അവിടെ ബുദ്ധിമുട്ടാണ്. ആറങ്കോട്ട് അങ്കണവാടിയാകുമ്പോൾ വീടിന് അടുത്താണ്. അതുകൊണ്ട് മാറില്ല എന്നാണ് സഫിയത്ത് ടീച്ചർ പറയുന്നത്.
പുതുതായി ചുമതലയേല്‍ക്കേണ്ട ലൈസമ്മ മാത്യു എല്ലാ ദിവസവും അങ്കണവാടിയില്‍ എത്തും.രാവിലെ മുതല്‍ വൈകീട്ട് വരെ അവിടെയിരിക്കും. രണ്ടാഴ്ചയായി ഇതാണ് സ്ഥിതി. സഫിയത്ത് ടീച്ചറാകട്ടെ വാതില്‍ അടച്ച് കുട്ടികളെ പഠിപ്പിക്കും.രണ്ടു ടീച്ചര്‍മ്മാര്‍ക്കും ആകെയുള്ള ജീവിത വരുമാനമാണ് ഈ ജോലി. അതു കൊണ്ട് തന്നെ ഐ സി ഡി എസ് വിഭാഗം പ്രശ്നം എത്രയും വേഗം തീര്‍ക്കണം.
