സംഭവത്തിൽ രണ്ടംഗ വിദഗ്ധ സമിതി പരിശോധിച്ച് കേന്ദ്രത്തിന് റിപ്പോർട്ട് നൽകിയിരുന്നു. കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കേരളത്തിലെ മറ്റു സ്ഥലങ്ങളിലെ വിഷയങ്ങളും സമിതി പരിശോധിക്കും. ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവുവിനാണ് മേൽനോട്ടം.
ദില്ലി: കേരളത്തിലെ ദേശീയ പാത നിർമ്മാണ വീഴ്ചയിൽ നടപടി തുടങ്ങി കേന്ദ്രം. മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു തകർന്നതിൽ നിർമ്മാണ കരാർ കിട്ടിയ കെഎൻആർ കൺസ്ട്രക്ഷൻസ്, കൺസൾട്ടൻറായ ഹൈവേ എഞ്ചിനീയറിംഗ് എന്നീ കമ്പനികളെ പുതിയ ടെണ്ടറുകൾ നൽകുന്നതിൽ നിന്ന് വിലക്കി. ഈ കമ്പനികളിലെ രണ്ട് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. നിർമാണത്തിൽ വീഴ്ചയുണ്ടായതായി കരാർ കമ്പനിയായ കെഎൻആർ കൺസ്ട്രക്ഷൻസ് തുറന്ന് സമ്മതിക്കുകയാണ്. ഡിസൈനിലുണ്ടായ പാളിച്ച പരിഹരിക്കാൻ തയ്യാറാണെന്ന് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തിലെ ദേശീയ പാതയിൽ പാലങ്ങളിലടക്കമുള്ള വിള്ളലും തകർച്ചയും മണ്ണിടിച്ചിലും കേന്ദ്ര സർക്കാരിനും ദേശീയപാത നിർമ്മാണ അതോറിറ്റിക്കും കൂടി തിരിച്ചടിയായിരിക്കുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രം ഉടൻ ഇടപെട്ടത്. രാമനാട്ടുകര വളാഞ്ചേരി സെക്ഷനിലെ കൂരിയാട് റോഡും മതിലും ഇടിഞ്ഞു താഴ്ന്നത് ഇന്നലെ ദേശീയ പാത ഉദ്യോഗസ്ഥരും വിദഗ്ധരും എത്തി പരിശോധിച്ചിരുന്നു. പ്രാഥമിക നിഗമനത്തിൻറെ അടിസ്ഥാനത്തിലാണ് രണ്ട് കമ്പനികൾക്കെതിരായ നടപടി. ഇന്ത്യയിൽ പല നിർമ്മാണ കരാറുകളിലും ഉൾപ്പെട്ട കെഎൻആർ കൺസ്ട്രക്ഷൻസിനെയാണ് തൽക്കാലം പുതിയ ടെൻഡറുകളിൽ നിന്ന് വിലക്കിയത്. 15 ദിവസത്തിനകം മറുപടി തേടി ഈ കമ്പനികൾക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി. ഒരു വർഷം വരെയോ പരിഹാര നടപടികൾ സ്വീകരിക്കുന്നത് വരെയോ വിലക്കാനുള്ള നടപടിയിലേക്ക് കടക്കണോ എന്നതിലും സംഭവിച്ച പാളിച്ചയുടെ അടിസ്ഥാനത്തിൽ പിഴ ഒടുക്കണോ എന്നതും കമ്പനിയുടെ മറുപടിയുടെ അടിസ്ഥാനത്തിലാകും കേന്ദ്രം തീരുമാനിക്കുക.
കെഎൻആർ കൺസ്ട്രക്ഷൻ കമ്പനിയിലെ പ്രോജക്റ്റ് മാനേജർ അമർനാഥ് റെഡ്ഡി, ഹൈവേ എഞ്ചിനീയറിംഗിലെ കൺസൾട്ടൻറ് രാജ് കുമാർ എന്നിവരെ സസ്പെൻഡ് ചെയ്തതായും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.അതേസമയം, ഡിസൈനിലെ വീഴ്ച ഏഷ്യാനെറ്റ് ന്യൂസിനോട് തുറന്ന് സമ്മതിക്കുകയാണ് കെഎൻആർ കൺസ്ട്രക്ഷൻസ് എന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കരാർ കമ്പനി. ആർഇ വാളിന് കീഴെയുള്ള കളിമണ്ണ് വെള്ളം വലിച്ചെടുത്തതാണ് മതിലിടിയാൻ കാരണമായത്.
അടുത്ത 15 ദിവസത്തിനകം കമ്പനിയോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ദില്ലി ഐഐടിയിലെ മുൻ പ്രൊഫസർ ജിവി റാവു, ജിമ്മി തോമസ്, അനിൽ ദീക്ഷിത് എന്നിവരുൾപ്പെട്ട സമിതി നിർമ്മാണത്തിൽ വീഴ്ചയുണ്ടായത് വിശദമായി പഠിക്കും. കേരളത്തിലെ നിർമ്മാണത്തിനുള്ള മാനദണ്ഡങ്ങൾ മാറ്റുന്നതും സമിതി ചർച്ച ചെയ്യും. വീഴ്ച വരുത്തിയ കരാറുകാരെ കരിമ്പട്ടികയിൽ പെടുത്തേണ്ടതുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ വിദഗ്ധസമിതി റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാകും തീരുമാനിക്കുക. ദേശീയ പാത അതോറിറ്റിയിലെ ഉദ്യോഗസ്ഥർ വീഴ്ച വരുത്തിയിട്ടുണ്ടോ എന്നതും മന്ത്രാലയം പരിശോധിക്കണം എന്ന ആവശ്യവും ശക്തമാണ്.

