Asianet News MalayalamAsianet News Malayalam

നടവഴി അടയില്ല:പെരുമ്പായിക്കാട്ട് വില്ലേജ്ഓഫിസിന്‍റെ മതിൽ നി‍ർമാണം പുനക്രമീകരിക്കും,ഏഷ്യാനെറ്റ് ന്യൂസ് ഇംപാക്ട്

വഴി അടയുന്ന കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും കളക്ട‍ർ ഉൾപ്പെടെ ഉദ്യോഗസ്ഥരാരും സർക്കാരിന്‍റെ ഒരിഞ്ചു സ്ഥലം പോലും വിട്ടു കൊടുത്തുള്ള ഒരു പ്രശ്ന പരിഹാരത്തിനും തയാറായിരുന്നില്ല. മുഖ്യമന്ത്രിക്ക് പരാതി എത്തിയിട്ടും പരിഹാരം കണ്ടില്ല. ഈ പ്രശ്നത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയോടെ പരിഹാരം ആയത്

The wall construction of Perumbaikkat Village Office will be restructured,Asianet News Impact
Author
First Published Nov 18, 2022, 11:22 AM IST


കോട്ടയം : കോട്ടയം പെരുമ്പായിക്കാട്ട് മൂന്ന് കുടുംബങ്ങൾക്ക് നടക്കാനുള്ള വഴി തുറക്കും. സ്മാര്‍ട് വില്ലേജ് ഓഫിസിന്‍റെ മതിൽ നിർമാണത്തെ തുടർന്നാണ് ഈ പ്രദേശത്തെ മൂന്ന് കുടുംബങ്ങൾ വർഷങ്ങളായി ഉപയോഗിച്ചിരുന്ന വഴി അധികൃതര്‍ കെട്ടി അടച്ചത്. കുടുംബങ്ങളുടെ നടവഴി അടഞ്ഞത് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത നൽകിയിരുന്നു. ഇതിനു പിന്നാലെ റവന്യു മന്ത്രി കെ രാജൻ വിഷയത്തിൽ ഇടപെട്ടു. ഇന്നലെ തന്നെ ജില്ലാ കളക്ടറോട് റിപ്പോ‍ർട്ട് തേടി. ഇന്ന് ഉദ്ഘാടനത്തിനെത്തിയ റവന്യുമന്ത്രി ഇക്കാര്യത്തിൽ ഉറപ്പു നൽകി.

 

നാട്ടുകാർക്ക് നടന്നു പോകാനാവുന്ന വിധത്തിൽ വില്ലേജ് ഓഫിസിന്റെ മതിൽ നിർമാണം പുനക്രമീകരിക്കും. നാട്ടുകർക്ക് മൂന്നടി നടവഴി ലഭിക്കും വിധം പുനക്രമീകരണം നടത്താൻ  ജില്ലാ കളക്ടർക്ക് നിർദ്ദേശം നൽകിയെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി. ഇതോടെ കുടുംബങ്ങളും സന്തോഷത്തിലാണ്.

കഴിഞ്ഞ നാലര പതിറ്റാണ്ടായി ഇവിടെ താമസിക്കുന്ന മൂന്ന് കുടുംബങ്ങൾ ഉപയോഗിക്കുന്ന നട വഴിയാണ് വില്ലേജ് ഓഫീസ് കെട്ടിടം വന്നപ്പോള്‍ അടഞ്ഞത്. പുതിയ വില്ലേജ് ഓഫിസിനായി റവന്യു വകുപ്പ് ഈ ഭൂമിക്കു ചുറ്റും മതിലിന്‍റെ പണി തുടങ്ങിയതോടെയാണ് പ്രശ്നം ഉണ്ടായത്.

വഴി അടയുന്ന കാര്യം ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും വില്ലേജ് ഓഫിസറോ തഹസിൽദാരോ ജില്ലാ കളക്ടറോ ഉൾപ്പെടെ ഉദ്യോഗസ്ഥരാരും സർക്കാരിന്‍റെ ഒരിഞ്ചു സ്ഥലം പോലും വിട്ടു കൊടുത്തുള്ള ഒരു പ്രശ്ന പരിഹാരത്തിനും തയാറല്ല. മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ പരാതി എത്തിയിട്ടും ഒരു പരിഹാരം ഉണ്ടായില്ല. നിയമത്തിന്‍റെ സാങ്കേതികതകളിൽ ഊന്നിയാണ് ഉദ്യോഗസ്ഥർ ഈ മനുഷ്യർക്ക് നടവഴി അവകാശം നിഷേധിച്ചത്. ഈ പ്രശ്നത്തിനാണ് ഏഷ്യാനെറ്റ് ന്യൂസ് വാർത്തയിലൂടെ പരിഹാരം കണ്ടത്

Follow Us:
Download App:
  • android
  • ios