റോഡിൽ വെള്ളം കെട്ടി നിന്നതിനാൽ റെയിൽവേ പാളത്തിന് സമീപത്ത് കൂടി നടക്കുന്നതിനിടെയായിരുന്നു അപകടം.
തൃശ്ശൂർ: ചാലക്കുടിയിൽ തോട്ടിൽ വീണ് യുവതി മരിച്ചു. ചാലക്കുടി വി.ആർ.പുരം സ്വദേശിയായ ദേവി കൃഷ്ണയാണ് മരിച്ചത്. ഇന്ന് രാവിലെ 9 മണിയോടെയാണ് ദാരുണ സംഭവം ഉണ്ടായത്. റോഡിൽ വെള്ളം കെട്ടി നിന്നതിനാൽ റെയിൽവേ പാളത്തിന് സമീപത്ത് കൂടി നടക്കുന്നതിനിടെയായിരുന്നു അപകടം. ട്രയിൻ വരുന്നത് കണ്ട് ഒരു വശത്തേക്ക് മാറുന്നതിനിടെയാണ് തോട്ടിൽ വീണത്.
ചാലക്കുടി വി.ആർ.പുരം സ്വദേശികളായ ദേവി കൃഷ്ണയും പൗഷും ജോലി സ്ഥലത്തേക്ക് പോകുന്നതിനായി റയിൽവേ ട്രാക്കിലൂടെ നടന്നു പോവുകയായിരുന്നു. ഇവർ സ്ഥിരം നടന്ന് പോകാറുള്ള പാലക്കുഴി റോഡിൽ വെള്ളക്കെട്ടായതിനെ തുടർന്നാണ് ട്രാക്കിലൂടെ നടന്നത്. ട്രെയിൻ വരുന്നത് കണ്ട് ട്രാക്കിൽ നിന്ന് വശത്തേക്ക് ഇറങ്ങി നിന്നു. എന്നാൽ വേഗത്തിൽ വന്ന ട്രെയിൻ കടന്നു പോകുന്നതിൻ്റെ കാറ്റിൽ ഇരുവരും തോട്ടിലേക്ക് വീഴുകയായിരുന്നു. തോട്ടിലെ ഇരുമ്പ് കമ്പി ദേവീ കൃഷ്ണയുടെ കാലിൽ തുളച്ചു കയറി . നാട്ടുകാർ എത്തി ഇരുവരെയും ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ പൗഷ അപകട നില തരണം ചെയ്തു.
സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്നു ഇരുവരും. ദേവീ കൃഷ്ണ മൂന്നു ദിവസം മുമ്പാണ് ജോലിയ്ക്ക് പോയി തുടങ്ങിയത്. കനത്ത മഴയെ തുടർന്ന് റോഡ് ഒരാഴ്ചയായി വെള്ളത്തിന് അടിയിലായിരുന്നു.
ആശുപത്രിയിലെത്തിക്കാൻ വെള്ളക്കെട്ട് തടസമായി; നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളി മരിച്ചു
ആലപ്പുഴ: ആശുപത്രിയിൽ എത്തിക്കാൻ വീട്ടിലെ വെള്ളക്കെട്ട് തടസ്സമായതോടെ നെഞ്ച് വേദനയെ തുടർന്ന് തൊഴിലാളിക്ക് ദാരുണാന്ത്യം. ആലപ്പുഴ ജില്ലയിലെ എടത്വായിലാണ് സംഭവം. തലവടി ഇല്ലത്ത് പറമ്പിൽ ഇ ആർ ഓമനക്കുട്ടനാണ് (50) മരിച്ചത്. മുട്ടോളം വെള്ളത്തിലായ സ്ഥലത്തേക്ക് യഥാസമയം വാഹനം എത്തിക്കാനായില്ല. വള്ളത്തിൽ കയറ്റി കരയ്ക്കെത്തിച്ച ശേഷം കാറിൽ പരുമല സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തുന്നതിന് മുൻപ് മരണം സംഭവിച്ചു. മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഓമനക്കുട്ടന്റെ വീടിന് ചുറ്റും വെള്ളം കെട്ടിക്കിടക്കുകയാണ്. ഇതിനാൽ സംസ്കാരം പിന്നീടേക്ക് മാറ്റി.
