കൊച്ചിയിലെ അലൻ വാക്കർ ഡിജെ ഷോയ്ക്കിടെ നടന്ന മൊബൈൽ മോഷണത്തിലെ മുഖ്യപ്രതി പ്രമോദ് യാദവ് എന്ന് പൊലീസ്.
കൊച്ചി: അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ വ്യാപകമായി ഫോൺ മോഷ്ടിച്ച കേസിൽ മുഖ്യപ്രതി പ്രമോദ് യാദവ്. ഇയാളുൾപ്പെടെ നാലു പേരെയാണ് ഇനി കേസിൽ പിടികൂടാനുള്ളത്. പിടിച്ചെടുത്ത ഫോണുകളിൽ രണ്ടെണ്ണം കൂടി കൊച്ചിയിലേതാണെന്ന് തിരിച്ചറിഞ്ഞു.
ബോൾഗാട്ടിയിൽ അലൻ വാക്കറുടെ സംഗീതപരിപാടിക്കിടെ 39 ഫോണുകളാണ് മോഷണം പോയത്. ദില്ലിയിൽ നിന്നും മുംബൈയിൽ നിന്നും നാലംഗസംഘം കൊച്ചിയിലെത്തിയാണ് മോഷണം നടത്തിയത്. മുംബൈ ഗ്യാങ്ങിന്റെ സൂത്രധാരൻ പ്രമോദ് യാദവ് ആണെന്ന് പൊലീസ് പറയുന്നു.
മോഷ്ടിക്കുന്ന മൊബൈൽ ഫോണുകൾ വിൽക്കുന്നതും പ്രമോദ് യാദവാണ്. ഇയാളുടെ മൊബൈൽ ലൊക്കേഷൻ അവസാനം കിട്ടിയത് വാരാണസിയിലാണ്. ഇയാളും കൂട്ടാളിയും യുപിയിൽ തന്നെ ഒളിവിൽ തുടരുകയാണ്. സംഘത്തിലുൾപ്പെട്ടെ സണ്ണി ബോല യാദവിനെയും ശ്യാം ബെൽവാളിനെയും താനെയിൽ നിന്നാണ് പിടികൂടിയത്.
ഇവരിൽ നിന്ന് പിടിച്ചെടുത്ത നാല് മൊബൈൽ ഫോണുകൾ വിശദമായി പരിശോധിക്കുകയാണ് അന്വേഷണസംഘം. ഇതിൽ ഒരെണ്ണം ഐ ഫോൺ ആണ്. മുംബൈ സംഘം എത്തുന്നതിന്റെയും പോകുന്നതിന്റെയും തെളിവുകൾ അന്വേഷണസംഘം കൊച്ചി വിമാനത്താവളത്തിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
സംഘാംഗങ്ങൾ ടെലിഫോണുകൾ പരിശോധനാ ട്രേയിൽ ഇടുന്നത് അടക്കമുള്ള സിസിടിവി ദൃശ്യങ്ങളാണ് വീണ്ടടുത്തത്. ദില്ലിയിൽ നിന്നുള്ള അതീഖുൽ റഹ്മാനും വാസിം അഹമ്മദുമാണ് കേസിൽ അറസ്റ്റ് ചെയ്ത മറ്റ് രണ്ട്പേർ. ഇവരിൽ നിന്ന് പിടിച്ചെടുത്ത 23 ഫോണുകളിൽ ഏഴെണ്ണം തിരിച്ചറിഞ്ഞിട്ടുണ്ട്.

