പള്ളിയമ്പിൽ ജോബിയുടെ വീട്ടിൽ നിന്നും ഏഴ് പവന്‍റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. 

പാല: കിടങ്ങൂരിൽ വീട് കുത്തിത്തുറന്ന് സ്വർണാഭരണങ്ങൾ മോഷ്ടിച്ചു. കിടങ്ങൂർ ചിറപ്പുറത്ത് പള്ളിയമ്പിൽ ജോബിയുടെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മൂന്ന് വീടുകളിലും മോഷണ ശ്രമവും നടന്നിട്ടുണ്ട്. പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. പള്ളിയമ്പിൽ ജോബിയുടെ വീട്ടിൽ നിന്നും ഏഴ് പവന്‍റെ ആഭരണങ്ങളാണ് മോഷ്ടിച്ചത്. മുകൾ നിലയിലെ വാതിൽ കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തുകടന്നത്. താഴത്തെ നിലയിലെ കിടപ്പുമുറിയിൽ ഉറങ്ങാൻ നേരം ഊരി വച്ച ആറ് പവന്‍റെ മാലയും ഒരു മോതിരവുമാണ് മോഷണം പോയത്. 

ജോബിയും മകനും കിടന്നുറങ്ങിയ മുറിയിലായിരുന്നു മോഷണം നടന്നത്. കാൽ പെരുമാറ്റം കേട്ട് ഉണർന്ന ജോബി വീട്ടിൽ നിന്നും ആരോ പുറത്തേക്ക് പോകുന്നത് കണ്ട് ബന്ധുവിനെ വിവരം അറിയിച്ചു. സമീപത്തെ മൂന്ന് വീടുകളിലും മോഷണശ്രമം നടന്നതായി കണ്ടെത്തി. ജോസ് ഇടാട്ട്, നെടു മറ്റത്തിൽ പൊന്നൂസ്, ടോണി എന്നിവരുടെ വീടുകളിലാണ് മോഷണ ശ്രമം നടന്നത്. ജോബി കിടങ്ങൂർ പൊലീസിൽ പരാതി നൽകി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി, പൊലീസ് അന്വേഷണം ആരംഭിച്ചു.