തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കൊവിഡ് ആശങ്ക അകലുന്നില്ല. തേക്കുമൂട് ബണ്ട് കോളനിയിൽ ഇന്ന് 18 പേർക്ക് കൂടി കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇന്നലെ 17 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇവിടെ ആകെ 38 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.

കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ തിരുവനന്തപുരം കര്‍ശന നിയന്ത്രണങ്ങളുമായി മുന്നോട്ട് പോകുകയാണ്. എന്നാൽ കോളനികളിൽ കൊവിഡ് രോഗബാധയുണ്ടാകുന്നത് ആശങ്കയുണ്ടാക്കുന്നുണ്ട്. നഗരസഭയുടെ നേതൃത്വത്തിൽ മത്സ്യതൊഴിലാളികൾക്ക് 1000 രൂപയുടെ ഭക്ഷ്യകിറ്റ് നൽകുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ഓണക്കിറ്റ് വിതരണത്തിന് ശേഷം നഗരസഭയുടെ കിറ്റുകൾ വിതരണം ചെയ്യുമെന്നും മേയര്‍ പറഞ്ഞു. 

അതേ സമയം രോഗലക്ഷണങ്ങൾ ഇല്ലാത്ത രോഗികളെ വീട്ടിൽ പാർപ്പിക്കാനുള്ള തീരുമാനത്തിൽ രണ്ട് ദിവസത്തിനകം മാർഗനിർദേശങ്ങൾ അറിയിക്കുമെന്ന് തിരുവനന്തപുരം ജില്ലാ കലക്റ്റർ നവജ്യോത് ഖോസ അറിയിച്ചു. എല്ലാ വശവും ആലോചിച്ചാണ് ഹോം ഐസോലെഷൻ തീരുമാനമെന്നും ജില്ല കലക്റ്റർ വ്യക്തമാക്കി.