കേരളീയം 2023: പെണ്‍ കാലങ്ങള്‍ - വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന്‍ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിച്ചു

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്ര നിര്‍മ്മിതിയില്‍ നായകന്‍മാര്‍ മാത്രമല്ല നായികമാരുമുണ്ടെന്ന് ആരോഗ്യ വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ചരിത്രത്തില്‍ രേഖപ്പെടുത്താതെ പോയ ഒട്ടേറെ സ്ത്രീകളുടെ ജീവിതങ്ങളുണ്ട്. ഓരോ പെണ്‍കുട്ടിയേയും സ്ത്രീയേയും സംബന്ധിച്ച് 'പെണ്‍ കാലങ്ങള്‍' എക്‌സിബിഷന്‍ നല്‍കുന്ന പ്രചോദനവും ആത്മവിശ്വാസം വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. 

കേരളീയം 2023ന്റെ ഭാഗമായി തിരുവനന്തപുരം അയ്യന്‍കാളി ഹാളില്‍ വനിതാ വികസന കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച പെണ്‍ കാലങ്ങള്‍ - വനിത മുന്നേറ്റത്തെ കുറിച്ചുള്ള എക്സിബിഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളുടെ ചരിത്രം വളരെ മനോഹരമായി രേഖപ്പെടുത്തുന്ന എക്‌സിബിഷനാണിത്. സ്ത്രീ പോരാട്ടങ്ങളുടെ, സ്ത്രീ മുന്നേറ്റങ്ങളുടെ, നേട്ടങ്ങളുടെ അടയാളപ്പെടുത്തലുകള്‍ ഭാവിയിലേക്ക് എങ്ങനെയായിരിക്കണം എന്നുള്ളത് സംബന്ധിച്ചുള്ള വലിയ പ്രേരണ കൂടിയാണ് ഈ പരിപാടികള്‍ നല്‍കുന്നത്. 

കേരളത്തിലെ സ്ത്രീ പോരാട്ടങ്ങളേയും അതോടൊപ്പം സമസ്ത മേഖലകളിലും പോരാട്ടങ്ങളിലൂടെ മുന്നേറിയ സ്ത്രീകളേയും ലോകത്തിന് കാണാനാകും. അത് ഏത് മേഖലയിലുള്ള സ്ത്രീയെ സംബന്ധിച്ചും പെണ്‍കുട്ടിയെ സംബന്ധിച്ചും വ്യക്തിപരമായി ആത്മവിശ്വാസം നല്‍കുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ സ്ത്രീ മുന്നേറ്റ-പോരാട്ട ചരിത്രം പറയുകയാണ് കേരളീയം 2023യുടെ ഭാഗമായുള്ള 'പെണ്‍കാലങ്ങള്‍'. ചരിത്രം രേഖപ്പെടുത്താതെ വിസ്മരിക്കപ്പെട്ടു പോയവരെ കൂടി അടയാളപ്പെടുത്തുകയാണ് ഈ പ്രദര്‍ശനം. മാറുമറയ്ക്കല്‍ സമരം മുതല്‍ തുടങ്ങുന്ന പോരാട്ട ചരിത്രം, സമസ്ത മേഖലകളിലും വ്യക്തിമുദ്ര പതിപ്പിച്ച സ്ത്രീകള്‍, ഇതെല്ലാം ആധുനിക കേരളത്തിന്റെ നിര്‍മ്മിതിയില്‍ വഹിച്ച പങ്കിനെ ഓര്‍മ്മപ്പെടുത്തുകയാണ് പെണ്‍കാലങ്ങള്‍.

രാഷ്ട്രീയം, സാഹിത്യം, സിനിമ, മാധ്യമം, വൈജ്ഞാനിക മേഖല, കായിക മേഖല, ശാസ്ത്ര സാങ്കേതിക രംഗം, ഭരണ നിര്‍വഹണ രംഗം, നീതിന്യായ രംഗം തുടങ്ങി നമ്മുടെ ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളിലും ഇടപെടല്‍ നടത്തിയിട്ടുള്ള സ്ത്രീകളേയും അവരുടെ അസാധാരണമായ സംഭാവനകളെയും ആദരിക്കുന്നതിനോടൊപ്പം പുരോഗമന കേരളം കെട്ടിപ്പടുക്കുന്നതില്‍ അവരുടെ ശക്തമായ ഇടപെടല്‍ സ്ഥിരീകരിക്കുകയും ഇതിന് ആക്കം കൂട്ടാനുതകുംവിധം സര്‍ക്കാറിന്റെ സ്ത്രീപക്ഷ സമീപനങ്ങള്‍ ഈ പെണ്‍വഴികളെ എങ്ങനെ ഗുണപരമായി മാറ്റി തീര്‍ത്തു എന്ന അന്വേഷണവും ഈ ദൃശ്യ വിരുന്നിന്റെ ഭാഗമായിട്ടുണ്ട്.

Read more: ക്ഷേമ പെന്‍ഷന്‍ മുടങ്ങിയിട്ട് നാലു മാസം,പതിനെട്ട് മാസം കുടിശിക വരുത്തിയവരാണ് വിമർശിക്കുന്നതെന്ന് ധനമന്ത്രി

വെറുമൊരു ചരിത്ര വിവരണമല്ല, ശക്തിയുടെയും നിശ്ചയദാര്‍ഢ്യത്തിന്റെയും നേട്ടങ്ങളുടെയും ചലനാത്മകമായ ഒരു അനുഭവമായിരിക്കും ഈ പ്രദര്‍ശനം. ഫോട്ടോ എക്സിബിഷനും വീഡിയോ പ്രദര്‍ശനങ്ങളും സാംസ്‌കാരിക പരിപാടികളുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അയ്യങ്കാളി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം നവംബര്‍ ഏഴ് വരെ നീണ്ടുനില്‍ക്കും. വനിത വികസന കോര്‍പറേഷന്‍ എം.ഡി. വി.സി. ബിന്ദു, ഡോ. സജിത മഠത്തില്‍, ഡോ. ടികെ. ആനന്ദി, ഡോ. സുജ സൂസന്‍ ജോര്‍ജ്, പ്രൊഫ. ഉഷാ കുമാരി എന്നിവര്‍ പങ്കെടുത്തു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം