Asianet News MalayalamAsianet News Malayalam

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ്, 21.5 കോടി രൂപ തട്ടിച്ചു, വ്യക്തികളുടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടു

സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. 

there has been a diversion of around twenty one and a half crore rupees in punjab national bank
Author
First Published Dec 4, 2022, 1:05 PM IST

കോഴിക്കോട്: കോര്‍പ്പറേഷന്‍ അക്കൗണ്ടുമായി ബന്ധപ്പെട്ട ഇരുപത്തൊന്നര കോടിയോളം രൂപയുടെ തിരിമറി നടന്നതായി ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടുകളില്‍ നിന്നും പണം തിരിമറി നടന്നെന്ന ഓഡിറ്റ് റിപ്പോര്‍ട്ട് പഞ്ചാബ് നാഷണല്‍ ബാങ്ക് ക്രൈംബ്രാഞ്ചിന് കൈമാറി. കോര്‍പ്പറേഷന്‍റെ അക്കൗണ്ടിന് പുറമെ സ്വകാര്യ വ്യക്തികളുടെ അക്കൗണ്ടിലും തിരിമറി നടത്തിയതായാണ് പഞ്ചാബ് നാഷണല്‍ ബാങ്കിന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ട്. സ്വകാര്യ വ്യക്തികളുടെ ഒന്‍പത് അക്കൗണ്ടില്‍ നിന്നും കോര്‍പ്പറേഷന്‍റെ എട്ട് അക്കൗണ്ടില്‍ നിന്നും പണം തട്ടിപ്പ് നടത്തിയിട്ടുണ്ട്. മൊത്തം ഇരുപത്തൊന്നര കോടിയുടെ തിരിമറിയാണ് ഈ 17 അക്കൗണ്ടുകളിലായി നടന്നത്. ചില അക്കൗണ്ടുകളിലേക്ക് പണം തിരിച്ച് നിക്ഷേപിച്ചിട്ടുമുണ്ട്. 

ഇതുവരെ നടന്ന പരിശോധനയില്‍ 12 കോടി 64 ലക്ഷം രൂപ നഷ്ടപ്പെട്ടതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. സ്വകാര്യ വ്യക്തിയുടെ ഒരു അക്കൗണ്ടില്‍ നിന്ന് മാത്രം 18 ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. രേഖകളില്‍ കൂടുതല്‍ പരിശോധന നടത്തിവരികയാണ്. പല അക്കൗണ്ടുകളില്‍ നിന്ന് തിരിച്ചും മറിച്ചും ഇടപാടുകള്‍ നടത്തിയതിനാല്‍ ബാങ്ക്, കോര്‍പ്പറേഷന്‍ എന്നിവയുടെ രേഖകള്‍ ക്രൈബ്രാഞ്ച് വിശദമായി പരിശോധിക്കും. തട്ടിപ്പ് കേസിലെ പ്രതി പഞ്ചാബ് നാഷണല്‍ ബാങ്ക് മാനേജര്‍ എം പി റിജിലിന്‍റെ ആക്സിസ് ബാങ്കിലെ അക്കൗണ്ടും ക്രൈംബ്രാഞ്ച് പരിശോധിച്ചു. ഓണ്‍ലൈന്‍ റമ്മിക്ക് ഉള്‍പ്പെട ഈ അക്കൗണ്ടില്‍ നിന്ന് പണമിടപാട് നടത്തിയതായി കണ്ടെത്തി.15 കോടി  24 ലക്ഷം രൂപ നഷ്ടപ്പെട്ടെന്നാണ് കോര്‍പ്പറേഷന്‍റെ പരാതി. ചില സ്വകാര്യ വ്യക്തികളും പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്ത് വന്നിട്ടുണ്ട്. അതിനാല്‍ തട്ടിപ്പിന്‍റെ വ്യാപ്തി ഇനിയും ഉയരുമെന്നാണ് സൂചന. കേസിലെ പ്രതി എം പി റിജില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ കോഴിക്കോട് ജില്ല കോടതി പരിഗണിക്കും. കഴിഞ്ഞ 29ാം തിയതി മുതല്‍ റിജില്‍ ഒളിവിലാണെന്നാണ് പൊലീസ് വിശദീകരണം.
 

Follow Us:
Download App:
  • android
  • ios