തിരുവനന്തപുരം: കര്‍ണാടക അതിര്‍ത്തി അടച്ചതുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രിമാരോട് കാര്യങ്ങള്‍ അവതരിപ്പിച്ചെങ്കിലും ഇതുവരെ മറുപടിയുണ്ടായില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്റെ ചുമതലയുള്ള കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയോട് ഫോണില്‍ കാര്യങ്ങള്‍ പറഞ്ഞിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍, ഇതുവരെ വിളിച്ചിട്ടില്ല. പ്രധാനമന്ത്രിയെ കാര്യങ്ങള്‍ ധരിപ്പച്ചതിനെ തുടര്‍ന്ന് ആഭ്യന്തരമന്ത്രിയും വിളിച്ചിരുന്നു. തിരിച്ച് വിളിക്കാമെന്ന് പറഞ്ഞു. പിന്നീട് ആഭ്യന്തരമന്ത്രിയും വിളിച്ചിട്ടില്ല. അവര്‍ പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുകയായിരിക്കാം. പരിഹാരമാകാത്തതിനാലാണ് തിരിച്ച് വിളിക്കാത്തതെന്ന് കരുതുന്നു. ഞാനൊരു ശുഭാപ്തി വിശ്വാസക്കാരനാണ്. അവര്‍ തിരിച്ച് വിളിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.