തിരുവനന്തപുരം:  കെഎസ്എഫ്ഇ റെയ്ഡിന്‍റെ പേരിൽ സിപിഎമ്മിനകത്ത് ഭിന്നത ഉണ്ടെന്ന് വരുത്തി തീര്‍ക്കാൻ ശ്രമിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഞാനൊ ഐസക്കോ ആനന്ദനോ തമ്മിൽ ഒരു ഭിന്നതയും ഇല്ലെന്നായിരുന്നു ഇത് സംബന്ധിച്ച ചോദ്യത്തോട് മുഖ്യമന്ത്രിയുടെ മറുപടി. ഏതെങ്കിലും തരത്തിൽ ഭിന്നതയുണ്ടെന്ന് വരുത്താൻ ശ്രമിച്ചാൽ അത് അത്രവേഗം നടക്കുന്ന കാര്യം അല്ല. അതങ്ങ് മനസിൽ വച്ചാൽ മതിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

കെഎസ്എഫ്ഇയിൽ നടന്ന വിജിലൻസ് റെയ്ഡിൽ ഉയര്‍ന്ന ഭിന്നാഭിപ്രായങ്ങൾ മുഖ്യമന്ത്രിയും ധനമന്ത്രിയും തമ്മിലുള്ള ഉൾപ്പോരിന്‍റെ തുടര്‍ച്ചയാണെന്ന് പ്രതിപക്ഷ നിരയിൽ നിന്ന് അടക്കം വിമര്‍ശനം ഉയര്‍ന്നിരുന്ന സാഹചര്യത്തിൽ കൂടിയാണ് പിണറായി വിജയന്‍റെ മറുപടി. വസ്തുതകൾ വസ്തുതകളായി കാണണം. മനസിലുള്ള കാര്യങ്ങൾ മുഖ്യമന്ത്രിയുടേയോ മുന്നണി സര്‍ക്കാരിന്‍റെയോ തലയിൽ വച്ച് കെട്ടരുതെന്നും പിണറായി വിജയൻ പറഞ്ഞു.