പത്തടിപ്പാലത്തെ മന്നൂറ്റിനാൽപ്പത്തിയേഴാം നമ്പർ തൂണിന് സംഭവിച്ചുപോലൊരു ബലക്ഷയം രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും ഇതേവരെയുണ്ടായിട്ടില്ല, ഇതെങ്ങനെ സംഭവിച്ചു, ആരാണുത്തരവാദി എന്നാണ് പരിശോധിക്കുന്നത്

കൊച്ചി: നിർ‍മാണത്തിലേയും (construction)മേൽനോട്ടത്തിലേയും(monitoring) പിഴവാണ് (defect)കൊച്ചി പത്തടിപ്പാലത്ത് മെട്രോ റെയിൽ(kochi metro rail) തൂണിന് ബലക്ഷയം ഉണ്ടാകാൻ കാരണമെന്ന് വിലയിരുത്തൽ. ട്രാക്കിനുണ്ടായ വളവിന്‍റെ യഥാർഥ കാരണം കണ്ടെത്തിയിട്ടില്ലെങ്കിലും പൈലിങ്ങിലുണ്ടായ പിഴവാണ് തകരാറിന് കാരണമെന്നാണ് കണക്കാക്കുന്നത്. ഇരുപത് ദിവസത്തിനുളളിൽ യഥാർഥ ചിത്രം വ്യക്തമാകുമെന്നും വിവിധ തലങ്ങളിലുളള മേൽനോട്ടപ്പിഴവുണ്ടായെന്നും ഡി എം ആർ സി മുഖ്യ ഉപദേഷ്ടാവായിരുന്ന ഇ ശ്രീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

പത്തടിപ്പാലത്തെ മന്നൂറ്റിനാൽപ്പത്തിയേഴാം നമ്പർ തൂണിന് സംഭവിച്ചുപോലൊരു ബലക്ഷയം രാജ്യത്തെ മറ്റൊരു മെട്രോയ്ക്കും ഇതേവരെയുണ്ടായിട്ടില്ല, ഇതെങ്ങനെ സംഭവിച്ചു, ആരാണുത്തരവാദി എന്നാണ് പരിശോധിക്കുന്നത്.

കഴിഞ്ഞ നവംബ‍ർ ഒന്നിനാണ് പത്തടിപ്പാലത്തെ ട്രാക്കിൽ ഒരു മില്ലീ മീറ്ററിന്‍റെ നേരിയ വളവ് കാണപ്പെട്ടത്. ഇത് പിന്നീട് 9 മില്ലീമീറ്റർ വരെയായി. ട്രെയിനോടുമ്പോൾ നേരിയ ഞ‌രക്കം കേട്ടുതുടങ്ങി. തുടർ പരിശോധനയിൽ തൂണിനോ ഗർഡറുകൾക്കോ തകരാറില്ലെന്ന് കണ്ടെത്തി. ഇതോടെയാണ് അടിത്തട്ടിൽ പൈലിങ്ങിലാണ് തകരാറെന്ന നിഗമനത്തിൽ കൊച്ചി മെട്രോ ഡിസൈൻ കൺസൾട്ടന്‍റായ ഏജിസ് അടക്കം എത്തിയത്. 

എട്ടു മുതൽ പത്തുമീറ്റർ വരെ ആഴത്തിലാണ് പത്തടിപ്പാലം മേഖലയിൽ കട്ടിയുളള പാറ കാണുന്നത്. ഈ പാറയിലാണ് നാലു വശങ്ങളിൽനിന്നുമായി പൈലിങ് നടത്തി തൂണുറപ്പിക്കുന്നത്. എന്നാൽ ഇവിടെ നടത്തിയ പൈലിങിൽ പിഴവുപറ്റിയെന്നാണ് ഡിഎം ആർസി മുഖ്യകൺസൾട്ടാന്‍റായ ഇ ശ്രീധരൻ അടക്കം കണക്കുകൂട്ടുന്നത്.

1. പാറ തുരന്ന് ആഴത്തിൽ പൈലിങ് ഉറപ്പിക്കുന്നതിൽ വീഴ്ച പറ്റി. കട്ടിയുളള പാറയിൽത്തന്നെയാണോ പൈലിങ് നടത്തിയത് എന്ന കാര്യത്തിൽ ഇപ്പോഴും സംശയമുണ്ട്

2. ഉരുക്കുകന്പികൾ പാറയിൽ ഉറപ്പിച്ചശേഷം യന്ത്രസംവിധാനത്തിലൂടെ കോൺക്രീറ്റ് താഴെയെത്തിച്ചാണ് പൈലിങ് നടത്തുന്നത്. ഇത്തരത്തിൽ കോൺക്രീറ്റിങ് നടത്തിയപ്പോഴും അടിത്തട്ടിൽ പിഴവ് വന്നതായി കരുതുന്നു.

ഇക്കാര്യത്തിൽ വിവിധ തട്ടുകളിലായുളള പിഴവ് വന്നെന്നാണ് കണക്കുകൂട്ടൽ. കരാർ ഏറ്റെടുത്ത എൽ ആന്‍റ് ടി കമ്പനി ഗുണനിലവാരം ഉറപ്പാക്കിയില്ല. ഓരോ ഘട്ടത്തിലും ഗുണനിലവാരം ഉറപ്പാക്കേണ്ട ഡി എം ആർ സിയുടെ അടക്കം എഞ്ചിനീയർമാർക്കും ക്വാളിറ്റി കൺസൾട്ടന്‍റുമാർക്കും പിഴവ് പറ്റി

കൊച്ചി മെട്രോയിൽ നിലവിൽ ഒരു തൂണിന് മാത്രമാണ് ബലക്ഷയം കണ്ടെത്തിയിരിക്കുന്നത്. എന്നാൽ ഡി എം ആർ സി പോലെ രാജ്യത്തെ ഏറെ വിശ്വാസ്യതയുളള സ്ഥാപനം ഏറ്റെടുത്ത നടത്തിയ പദ്ധതിയിലാണ് ഈ വീഴ്ച സംഭവിച്ചത് എന്നതു കൂടി ശ്രദ്ധിക്കേണ്ടതാണ്. 

'പിശക് പറ്റി, എങ്ങനെ പറ്റിയെന്ന് പഠിക്കും' മെട്രോ നിർമ്മാണത്തിൽ അപാകതയെന്ന് സമ്മതിച്ച് ഇ ശ്രീധരൻ

തൃശ്ശൂർ: മെട്രോ നിർമ്മാണത്തിൽ പിശകു പറ്റിയതായി ഇ ശ്രീധരൻ. പില്ലർ നിർമ്മാണത്തിലെ വീഴ്ച ഡിഎംആർസി പരിശോധിക്കുമെന്നും എങ്ങനെയാണ് പിശക് വന്നതെന്ന് അറിയില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു. വിശദമായ പഠനം ആവശ്യമാമെന്നും ഇത് ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തുമെന്നും ശ്രീധരൻ പറഞ്ഞു. 

പൈലിംഗ് പാറ നിരപ്പിൽ എത്താത്തതാണ് കൊച്ചി മെട്രോ മെട്രോ 347-ാം നമ്പർ തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയെന്ന് പഠന റിപ്പോർട്ട്. കൊച്ചി പത്തടിപ്പാലത്തെ തൂണിന് ബലക്ഷയം സംഭവിച്ചതാണ് പാളം ചരിയാനിടയാക്കിയെതെന്നും ജിയോ ടെക്നിക്കൽ പഠനത്തിൽ പറയുന്നു. തൂണിന്‍റെ അടിത്തറ ബലപ്പെടുത്ത ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്നാണ് കെഎംഎആൽഎൽ അറിയിക്കുന്നത്.

ഒരു മാസം മുമ്പാണ് കൊച്ചി പത്തിടിപ്പാലത്തെ 347-ാം നമ്പ‌‌ർ മെട്രോ തൂൺ ചരിഞ്ഞതായി കണ്ടെത്തിയത്. ഇതേത്തുടർന്ന് മെട്രോ ട്രാക്കിന്‍റെ അലൈൻമെന്‍റിന് അകൽച്ച സംഭവിച്ചിരുന്നു. ഇതിന്‍റെ കാരണം തേടിയുള്ള അന്വേഷണത്തിനാണ് മെട്രോ തൂണിന് ബലക്ഷയം സംഭവിച്ചതായി കണ്ടെത്തിയത്. തൂണിനായി നടത്തിയ പൈലിംഗ് താഴെ പാറ നിരപ്പിൽ എത്തിയിട്ടില്ല. തൂണിന്‍റെ തറനിരപ്പിന് താഴെ ചെളിക്കുഴിയാണ്. 10 മീറ്ററിലധികം കുഴിച്ചാൽ മാത്രമേ ഇവിടെ പാറ കാണാനാകൂ. പാറയും തുരന്ന് വേണം പൈലിന്‍റെ അടിത്തറ ഉറപ്പിക്കാൻ. നിലവിലെ പൈലിംഗും പാറയും തമ്മിൽ ഒരു മീറ്ററോളം അകൽച്ചയുണ്ടെന്ന് ജിയോ ടെക്നിക്കൽ പഠനത്തിൽ കണ്ടെത്തി. ഇതാണ് തൂണിന്‍റെ ബലക്ഷയത്തിനിടയാക്കിയത്. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക വിശദീകരണത്തിന് കെഎംആർഎൽ തയ്യാറായിട്ടില്ല.

അതേസമയം തൂണിന്‍റെ അടിത്തറ ബലപ്പെടുത്തുന്ന ജോലികൾ അടുത്ത ആഴ്ച തുടങ്ങുമെന്ന് കെഎംആർഎൽ അറിയിച്ചു. ഡിഎംആർസി, എൽആൻഡ്ടി, കെഎംആർഎൽ എന്നിവയുടെ നേതൃത്വത്തിലായിരിക്കും നിർമാണം. എൽആൻഡ്ടിയിക്കായിരിക്കും നിർമ്മാണ ചുമതലയെന്നും കെഎംആർഎൽ വ്യക്തമാക്കി. ഡിഎംആർസിയുടെ നേതൃത്വത്തിലായിരുന്നു കൊച്ചി മെട്രോയുടെ ആദ്യഘട്ട നിർമാണം.

347-ാം നമ്പ‌ർ തൂണിന് ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് ഒരു മാസത്തോളമായി ഈ തൂണിന് മുകളിലൂടെയുള്ള മെട്രോ സർവീസ് കുറച്ചിരിക്കുകയാണ്.