തിരുവനന്തപുരം: കേരളത്തിലെ കനത്ത  തോൽവിയിൽ സിപിഎം കേന്ദ്ര നേതൃത്വത്തെയും പഴിചാരി സംസ്ഥാനസമിതി അംഗങ്ങൾ. ദേശീയ തലത്തിൽ ഏകീകൃത നയമില്ലാതിരുന്നത് ഇടതുപക്ഷത്തിന്‍റെ വിശ്വാസ്യതയെ ബാധിച്ചുവെന്നാണ് നിരീക്ഷണം. ശബരിമല പ്രശ്നത്തിൽ കേരളത്തിലെ ജനവികാരം തിരിച്ചറിയാതെ പോയതാണ് തിരിച്ചടിയായതെന്ന് സംസ്ഥാനസമിതിയിൽ ചർച്ചയുയർന്നു. ബിനോയ് കോടിയേരി, ആന്തൂർ വിഷയങ്ങൾ ഇന്ന് ചർച്ചയായില്ല.

ശബരിമല മാത്രമല്ല ദേശീയ തലത്തിൽ സിപിഎമ്മിന്‍റെ വ്യത്യസ്ത നയങ്ങളും തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് കാരണമായെന്നാണ് സംസ്ഥാന സമിതി അംഗങ്ങൾ നിരീക്ഷിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത നയം കൈകൊണ്ടത് കേരളത്തിൽ പാർട്ടിയുടെയും എൽഡിഎഫിന്‍റെയും വിശ്വാസ്യതയെ ബാധിച്ചു. ന്യൂനപക്ഷ വോട്ടുകൾ ഇത് കവർന്നുവെന്നാണ് സംസ്ഥാന സമിതിയുടെ വിമര്‍ശനം.

ശബരിമല വിഷയത്തിൽ സംസ്ഥാന സർക്കാർ കൈകൊണ്ട നയങ്ങൾ തെറ്റല്ലെന്ന് വിലയിരുത്തുമ്പോഴും വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ചുള്ള ബിജെപി കോണ്‍ഗ്രസ് പ്രചാരണം മറികടക്കാനായില്ലെന്നും സിപിഎം ആത്മവിമർശനം നടത്തുന്നുണ്ട്. കേരളത്തിലെ ജനങ്ങളുടെ മനസറിയുന്നതിൽ പിഴച്ചു. സിപിഎമ്മിനെ തോൽപിക്കാൻ ബിജെപി കോണ്‍ഗ്രസിന് വോട്ട് മറിച്ചു. ഇതും മുൻകൂട്ടി കാണാനായില്ലെന്നും സംസ്ഥാന സമിതി വിശദമാക്കുന്നു. 

ലക്ഷം വോട്ടുകൾക്ക് നിരവധി മണ്ഡലങ്ങളിൽ തോറ്റത് ഇതിന് തെളിവായി സംസ്ഥാന സമിതി ചൂണ്ടിക്കാണിച്ചു. താഴെ തട്ടിൽ പ്രവർത്തിക്കാതെ ഈ രാഷ്ട്രീയ പ്രതിസന്ധി മറികടക്കാനാകില്ലെന്നും അംഗങ്ങൾ പറഞ്ഞു. തെരഞ്ഞെടുപ്പ് അവലോകനം സംബന്ധിച്ചുള്ള കേന്ദ്രകമ്മിറ്റിയുടെ റിപ്പോർട്ടിംഗിന് പിന്നാലെയായിരുന്നു അംഗങ്ങളുടെ വിമർശനം. 

അതേസമയം പാർട്ടിയെ പിടിച്ചുലക്കുന്ന മറ്റ് വിഷയങ്ങളിലേക്ക് ഇന്ന് യോഗം കടന്നില്ല. നാളെ ബിനോയ് കോടിയേരിക്കെതിരായ പരാതിയും,ആന്തൂരിലെ പ്രവാസി വ്യവാസിയുടെ ആത്മഹത്യയും യോഗത്തിൽ ഉയർന്നേക്കുമെന്നാണ് സൂചന.