മഴ കാരണം വേഗത കുറച്ച് കാർ ഓടിച്ചതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി
തൃശൂർ: മഴ കാരണം വേഗത കുറച്ച് കാർ ഓടിച്ചതിലുള്ള വൈരാഗ്യത്താൽ കാർ തടഞ്ഞുനിർത്തി കുടുംബാംഗങ്ങളെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ ഒരു പ്രതി കൂടി അറസ്റ്റിലായി. വലപ്പാട് കഴിമ്പ്രം സ്വദേശി സുബിൻ (36) ആണ് അറസ്റ്റിലായത്. കേസിലെ മറ്റ് രണ്ട് പ്രതികളായ വലപ്പാട് കഴിമ്പ്രം സ്വദേശികളായ അനന്തകൃഷ്ണ (28), ശ്രീഹരിചന്ദ് (26) എന്നിവരെ നേരത്തേ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. 2026 ഓഗസ്റ്റ് 26-ന് രാത്രി 7:45 ഓടെ കഴിമ്പ്രം സ്കൂളിന് കിഴക്കുവശത്തുള്ള റോഡിലായിരുന്നു സംഭവം. പരാതിക്കാരിയുടെ മകൻ തൻസിൽ ഓടിച്ചിരുന്ന കാറിനെ മോട്ടോർ സൈക്കിളിലെത്തിയ പ്രതികൾ ഓവർടേക്ക് ചെയ്തശേഷം തടഞ്ഞുനിർത്തുകയായിരുന്നു. തുടർന്ന് കാറിന്റെ ഗ്ലാസിൽ ശക്തിയായി തട്ടുകയും തൻസിൽ ഗ്ലാസ് താഴ്ത്തിയപ്പോൾ അസഭ്യം പറയുകയും ചെയ്തു.
പിന്നാലെ തൻസിലിനെ കാറിൽനിന്ന് പുറത്തേക്ക് വലിച്ചിറക്കി ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആക്രമണം തടയാൻ ശ്രമിച്ച പരാതിക്കാരിയെയും തൻസിലിന്റെ ഭാര്യയെയും പ്രതികൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പരാതിക്കാരിയുടെ മൂത്തമകൻ അറഫാത്തിനെയും പ്രതികൾ സംഘം ചേർന്ന് ആക്രമിച്ചു. കൂടാതെ, പരാതിക്കാരിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് കേടുപാടുകൾ വരുത്തി ഏകദേശം 20,000 രൂപയുടെ നഷ്ടവും ഉണ്ടാക്കിയിരുന്നു.


