ഡെല്‍റ്റ വൈറസിനേക്കാള്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ല. ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. 

തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗ സാധ്യത തള്ളിക്കളയാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡെല്‍റ്റ വൈറസിനേക്കാള്‍ ഉയര്‍ന്ന വ്യാപന ശേഷിയുള്ള ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ ആവിര്‍ഭാവം തള്ളിക്കളയാനാകില്ല. ഇപ്പോള്‍ അങ്ങനെയൊന്നില്ല. എങ്കിലും അതീവ ജാഗ്രത പുലര്‍ത്തേണ്ട കാര്യമാണിത്. നാം മാത്രമായി കഴിയുന്ന സമൂഹമല്ല നമ്മുടേത്. ഇവിടേക്ക് വന്നുചേരുന്നവരുണ്ട്. ഇവിടെനിന്ന് പോയി തിരിച്ചുവരുന്നവരുണ്ട്. അതിവ്യാപനശേഷിയുള്ള വൈറസുമായി ഇവിടെ എത്തുന്നവര്‍ക്ക് അനേകം പേരില്‍ വൈറസ് കൊടുക്കാന്‍ സാധിക്കും.

ഈ സാധ്യത ഗൗരവമായി കാണണമെന്നും അതുകൊണ്ടാണ് തുടര്‍ച്ചയായി നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതായി പറയുന്നത്. അലംഭാവം കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. നിയന്ത്രണം പാലിച്ച് വിട്ടുവീഴ്ചയില്ലാതെ മുന്നോട്ടുപോകണമെന്നും അദ്ദേഹം വ്യക്തമാക്കി.

കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 2,17,32,157 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 90 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 11,833 ആയി.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona