ഇതിനായി ശുപാർശ സമർപ്പിക്കാൻ നോർക്കാ റൂട്സ് വൈസ് ചെയർമാൻ അധ്യക്ഷനായി സമിതിയെയും സർക്കാർ ചുമതലപ്പെടുത്തി
തിരുവനന്തപുരം: ഇടതുമുന്നണി സർക്കാരിന്റെ അഭിമാന പദ്ധതികളിൽ ഒന്നായ ലോക കേരള സഭയുടെ മൂന്നാം ഭാഗം ജൂണിൽ നടക്കും. ജൂൺ 17, 18 തീയതികളിൽ സമ്മേളനം നടത്താനാണ് തീരുമാനം. സമ്മേളനത്തിന്റെ നടത്തിപ്പ് ചെലവിലേക്കായി മൂന്ന് കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. നിലവിലുള്ള ലോക കേരള സഭയിലെ മൂന്നിലൊന്ന് അംഗങ്ങളെ ഒഴിവാക്കിയാവും സമ്മേളനം നടത്തുക. ഇതിനായി ശുപാർശ സമർപ്പിക്കാൻ നോർക്കാ റൂട്സ് വൈസ് ചെയർമാൻ അധ്യക്ഷനായി സമിതിയെയും സർക്കാർ ചുമതലപ്പെടുത്തി.
കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ. കൂട്ടായ്‌മയും സഹകരണവും പ്രോത്സാഹിപ്പിക്കുകയും കേരളീയ സംസ്‌കാരത്തിന്റെ വികസനത്തിനു പ്രവര്‍ത്തിക്കുകയുമാണ് ലോക കേരള സഭയുടെ ലക്ഷ്യം.
ലോക കേരള സഭയുടെ അംഗബലം 351 ആണ്. എണ്ണം കുറയ്ക്കാൻ തീരുമാനിച്ചതോടെ ഇവരിൽ 115 ലേറെ പേരെ ഇക്കുറി ഒഴിവാക്കിയേക്കും. കേരള നിയമസഭയിലെ മുഴുവന്‍ അംഗങ്ങളും കേരളത്തില്‍ നിന്നുള്ള ലോക്സഭാ അംഗങ്ങളും ലോക കേരള സഭയിലെ അംഗങ്ങളാണ്. ലോക കേരള സഭയിലേക്കു നിയമ നിർമ്മാണ സഭകളുടെ ഭാഗമല്ലാത്ത അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിനാണ്. ഓരോ സംസ്ഥാനത്തെയും രാജ്യത്തെയും പ്രവാസികളുടെ എണ്ണം, ഭൂപ്രദേശങ്ങളുടെ പ്രാതിനിധ്യം, നിര്‍ദേശിക്കപ്പെടുന്നവര്‍ പൊതുസമൂഹത്തിനു നല്‍കിയ സംഭാവനകള്‍ തുടങ്ങിയ പരിഗണനകള്‍ മുന്‍നിര്‍ത്തിയാണ് അംഗങ്ങളെ നിശ്ചയിക്കുന്നത്.
