ദില്ലി: ശബരിമല തിരുവാഭരണത്തിന്റെ കണക്കെടുപ്പിനും പരിശോധനക്കുമായി വിരമിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സി.എൻ.രാമചന്ദ്രൻനായരെ നിയമിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ അനുവദിച്ചു. നാലാഴ്ചക്കകം സീൽ വച്ച കവറിൽ റിപ്പോർട്ട് സമർപ്പിക്കണം. തിരുവാഭരണത്തിന്റെ ചുമതല സംബന്ധിച്ച് സുപ്രീംകോടതിയിൽ സമർപ്പിച്ച് സത്യവാങ്മൂലത്തിൽ സംശയം പ്രകടിപ്പിച്ച കോടതി ഇതിന്റെ വിശ്വസ്യത പരിശോധിക്കാൻ പത്തനംതിട്ട ജില്ലാ ജഡ്ജിയെ പ്രത്യേക പ്രതിനിധിയായി ചുമതലപ്പെടുത്തി. 

തിരുവാഭരണത്തിന്‍റെ മേല്‍നോട്ടാവകാശം ആര്‍ക്കെന്നതില്‍ പന്തളം രാജകുടുംബാംഗങ്ങള്‍ക്കിടയില്‍ തര്‍ക്കം മുറുകിയതോടെയാണ് സുപ്രീംകോടതിയുടെ ഇടപെടലുണ്ടായത്. തിരുവാഭരണത്തിന്‍റെ സുരക്ഷയില്‍ കോടതിക്ക് ആശങ്കയുണ്ടെന്ന് ജ.രമണ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. ആദ്യം തിരുവാഭരണം മുഴുവനായി ഉണ്ടോയെന്ന് പരിശോധിക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. ഇതിന്‍റെ എണ്ണം വ്യക്തമാക്കുന്നതിനാണ് ജ. സി.എൻ.രാമചന്ദ്രൻനായരെ നിയമിക്കാൻ സുപ്രീംകോടതി സംസ്ഥാന സർക്കാരിനെ അനുവദിച്ചത്. തിരുവാഭരണത്തിന്‍റെ മൂല്യം പരിശോധിക്കേണ്ടതില്ലെന്ന സര്‍ക്കാര്‍ വാദം കോടതി അംഗീകരിച്ചു. 

തിരുവാഭാരണം ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് എൻ വാസു ഏഷ്യാനെറ്റ് ന്യൂസിനോട് നേരത്തെ പ്രതികരിച്ചിരുന്നു. മൂന്നൂറിലേറെ അംഗങ്ങളുള്ള പന്തളം കൊട്ടാരത്തിലെ വലിയ കോയിക്കൽ, കൊച്ചുകോയിക്കൽ ശാഖകൾ തമ്മിലെ തർക്കമാണിപ്പോൾ കോടതി കയറിയത്. കൊട്ടാരം നിർവ്വാഹക സമിതിയുടെ നിലവിലെ പ്രസിഡണ്ടും സെക്രട്ടറിയും വലിയ കോയിക്കൽ ശാഖ അംഗങ്ങളാണ്.