തിരുവനന്തപുരം: പ്രവാസികളെ വരവേൽക്കാൻ തിരുവനന്തപുരത്ത് ഒരുക്കങ്ങൾ പൂർത്തിയായി. ദോഹയിൽ നിന്നുളള 182 അംഗസംഘം നാളെ രാത്രി 10.45 ഓടെയാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. 

വന്ദേഭാരത് പദ്ധതിയുടെ ഭാഗമായി അഞ്ച് ജില്ലകളിൽ നിന്നുളളവരാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങുക. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കന്യാകുമാരി എന്നീ ജില്ലകളിലുളളവർ‍ ഇതിൽ ഉൾപ്പെടുന്നു. കരിപ്പൂരിൽ നിന്നുളള എയർ ഇന്ത്യ വിമാനം ദോഹയിലെത്തി അവിടെ നിന്നുമാണ് തിരുവനന്തപുരത്തേക്ക് പ്രവാസികളെ എത്തിക്കുന്നത്. കളക്ടർ, കമ്മീഷണർ, എംഎൽഎ എന്നിവരുടെ നേതൃത്വത്തിലുളള സംഘം വിമാനത്താവളത്തിലെത്തി ഒരുക്കങ്ങൾ വിലയിരുത്തി. നിരീക്ഷണകേന്ദ്രങ്ങളിൽ കളക്ടർ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പാക്കി.

തിരുവനന്തപുരത്ത് ആറ് താലൂക്കുകളിലായി 17,000 പേർക്കുളള നിരീക്ഷണ സൗകര്യമുണ്ട്. നാലായിരം മുറികൾ പൂർണ്ണതോതിൽ സജ്ജമാണ്. മറ്റ് ജില്ലകളിൽ നിന്നുളളവർക്ക് അതത് ഇടങ്ങളിലായിരിക്കും നിരീക്ഷണം. യാത്രക്കാർക്ക് സ്വന്തം താലൂക്കിൽ നിരീക്ഷണത്തിൽ കഴിയാനും അവസരമുണ്ട്.