തിരുവനന്തപുരം: ഹൈദരാബാദ് കോർപ്പറേഷൻ പോലെ ദേശീയ ശ്രദ്ധ നേടിയ തിരുവനന്തപുരം കോർപ്പറേഷനിൽ പണമിറക്കി വലിയ പ്രചാരണം നടത്തിയ ബിജെപി ഉൾപ്പെട്ട എൻഡിഎ മുന്നണിക്ക് പക്ഷേ കാര്യങ്ങള്‍ ഗുണംചെയ്തില്ല. 2015 ന് സമാനമായി യുഡിഎഫിനെ പിന്തള്ളി ഇത്തവണയും രണ്ടാം സ്ഥാനം ഉറപ്പിച്ചെങ്കിലും അവര്‍ പ്രതീക്ഷിച്ചപോലെ കോർപ്പറേഷൻ പിടിക്കാനും താമര വിരിയിക്കാനും എൻഡിഎയ്ക്ക് സാധിച്ചില്ല. മോദിയെ സ്വീകരിക്കാൻ 'സ്വന്തം മേയര്‍' എന്ന പ്രചാരണം ജനം തള്ളിയെങ്കിലും ഇടത്  പക്ഷത്തിന് ഉണർത്ത് പ്രവർത്തിക്കാൻ ആ പ്രചാരണം കൊണ്ട്  സാധിച്ചു. പൂജപ്പുര വാർഡിൽ മത്സരിച്ച ബിജെപി ജില്ലാ സെക്രട്ടറി വിവി രാജേഷ് വിജയിച്ചെങ്കിലും പല പ്രമുഖരും തോൽവിയറിഞ്ഞു. 

അടിയൊഴുക്കുകളില്‍ വോട്ടുകള്‍ മറിഞ്ഞെന്ന ആശങ്കയുണ്ടായിരുന്നുവെങ്കിലും കഴിഞ്ഞ തവണത്തേക്കാൾ വലിയ മുന്നേറ്റം എൻഡിഎ പ്രതീക്ഷിച്ചിരുന്നുവെന്നാണ് വാസ്തവം. കൊവിഡിനെ മറികടന്നും വോട്ടര്‍മാരെത്തിയത് മാറ്റം ആഗ്രഹിച്ചായിരുന്നെന്നും അത് ബിജെപി ട്രെൻഡാണെന്നുമായിരുന്നു ബിജെപി വിലയിരുത്തൽ. എന്നാൽ ആ പ്രതീക്ഷകളെല്ലാം കാറ്റിൽ പറത്തിയാണ് എൽഡിഎഫ് മുന്നേറിയത്. 

സർവ്വസന്നാഹം മുഴുവൻ ഇറക്കിയിട്ടും മുമ്പില്ലാത്ത വിധം ആർഎസ്എസ് സജീവമായിട്ടും 2015 നെക്കാൾ എൻഡിഎയ്ക്ക് നേട്ടമുണ്ടായില്ല. വട്ടിയൂർക്കാവ്, കഴക്കൂട്ടം കോവളം മണ്ഡലങ്ങളിൽ ബിജെപിയെ തള്ളി ഇടതുമുന്നണി മേൽക്കൈ നേടി. നേമം മണ്ഡലത്തിൽ 2015 ലേതിനെക്കാൾ നേരിയ മുന്നേറ്റം മാത്രമാണ് എൻഡിഎയ്ക്ക് നേടാൻ സാധിച്ചത്. വികസനം മുദ്രാവാക്യമാക്കി തിരുവനന്തപുരം നഗരസഭയിൽ മത്സരിച്ച തിരുവനന്തപുരം വികസന മുന്നേറ്റം കാഴ്ച വച്ചത് ദയനീയ പ്രകടനമാണെങ്കിലും നേരിയ തോതിലെങ്കിലും നഗര പ്രദേശങ്ങളിൽ വോട്ട് മറിക്കാൻ അവർക്ക് സാധിച്ചെന്നാണ് വിലയിരുത്തൽ. 

യുഡിഎഫ് വോട്ട് കൂടുതൽ എൽഡിഎഫിലേക്ക് മറിഞ്ഞത് ബിജെപിക്ക് തിരിച്ചടിയായി. തലസ്ഥാനത്ത് ബിജെപി ഭരണം വന്നാൽ അത് സംസ്ഥാനത്താകെ വലിയ തിരിച്ചടിയാകുമെന്ന യുഡിഎഫിന്റെയും എൽഡിഎഫിന്റെയും പ്രചാരണം ജനങ്ങളിലേക്ക് വലിയതോതിൽ എത്തിയതും ആ ഭയത്തിൽ കോൺഗ്രസ് വോട്ടുകൾ ഇടതുപക്ഷത്തേക്ക്  പോയതും ബിജെപിക്ക് തിരിച്ചടിയായി. ബിജെപി കോർപ്പറേഷൻ പിടിച്ചേക്കുമെന്ന പ്രചാരണം ശക്തമായതോടെ ഇടത് പക്ഷവും ഉണർന്ന് പ്രവർത്തിച്ചു. ഭരണം ലക്ഷ്യമിട്ട കോർപ്പറേഷനിൽ അടിതെറ്റിയതോടെ ഒത്തുകളി ആക്ഷേപമാണ് ബിജെപി ഉയർത്തുന്നത്. യുഡിഎഫും എഷഡിഎഫും വോട്ട് മറിച്ചെന്നാണ് ആരോപണം. എന്നാൽ ഇക്കാര്യം സിപിഎം തള്ളുകയാണ്.