തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി. 20 കൗൺസിലർമാരുടെ സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയ കോടതി അംഗങ്ങൾ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്നും ചൂണ്ടിക്കാട്ടി
തിരുവനന്തപുരം: പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി കൗൺസിലർമാർ ചെയ്ത സത്യപ്രതിജ്ഞ അസാധുവാക്കി ഹൈക്കോടതി. 4 ആഴ്ചക്കകം അംഗങ്ങൾ വീണ്ടും ചട്ടപ്രകാരം സത്യപ്രതിജ്ഞ ചെയ്യണമെന്നും അതുവരെ കൗൺസിൽ അംഗമെന്ന അധികാരമുണ്ടാകില്ലെന്നും കോടതി വ്യക്തമാക്കി. ഉമ്മൻചാണ്ടിയുടെ പേരിൽ വടക്കഞ്ചേരി പഞ്ചായത്ത് അംഗം ചെയ്ത സത്യപ്രതിജ്ഞയും അസാധുവാക്കി. ദൃഢപ്രതിജ്‍ഞയോ, ദൈവനാമത്തിലോ വേണം സത്യ പ്രതിജ്ഞ ചെയ്യാനെന്നും ദൈവം എന്ന പദത്തിന് പഞ്ചായത്ത് രാജ്, മുനിസിപ്പൽ ചടങ്ങിൽ നിർവചനമില്ലെന്നും കോടതി വ്യക്തമാക്കി.
കുറിവരച്ചാലും കുരിശ് വരച്ചാലും കുമ്പിട്ട് നിസ്കരിച്ചാലും കാണുന്നതും ഒന്ന് കേൾക്കുന്നതും ഒന്ന് കരുണാമയനാം ദൈവമൊന്ന് എന്ന എംഡി രാജേന്ദ്രൻ എഴുതിയ പ്രശസ്തമായ മലയാള സിനിമ ഗാനം പരാമർശിച്ചാണ് കോടതി പല ദൈവങ്ങലുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവെന്ന് വ്യക്തമാക്കിയത്. കേരള പഞ്ചായത്ത് രാജ് 152 -ാം വകുപ്പിലും, മനിസിപ്പാലിറ്റി ആക്ടിലെ 143-ാം വകുപ്പിലും അഗംങ്ങൾ സത്യ പ്രതിജ്‍ഞ ചെയ്യേണ്ടത് ദൈവ നാമത്തിലോ, അല്ലെങ്കിൽ ദൃഢപ്രതിജ്ഞയോ ആകണമെന്ന് പറയുന്നു. നിയമം അനുശാസിക്കുന്ന ദൈവനാമത്തിന് വിപുലീകരണമോ, മറ്റ് നിർവ്വചനമോ ചട്ടത്തിലില്ലാത്തിതിനാൽ പല ദൈവങ്ങളുടെ പേരിലുള്ള സത്യപ്രതിജ്ഞ അസാധുവൈണെന്ന് ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി.
തിരുവനന്തപുരം കോർപ്പറേഷനിലെ 20 ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞ പല ദൈവങ്ങളുടേയും ബലിദാനികളുടേയും പേരിലാണെന്നും അസാധുവാക്കണമെന്നുമാവശ്യപ്പെട്ട് സിപിഎം കൗൺസിലർ എസ്പി ദീപക് ആണ് കോടതിയെ സമീപിച്ചത്. പരശുരാമൻ, ആറ്റുകാലമ്മ, പത്മനാഭ സ്വാമി ഖഥ്രീനാരായണ ഗുരു അടക്കമുളള പേരുകളിലാണ് അംഗങ്ങൾ സത്യ പ്രതിജ്ഞ ചെയ്ത്. ഇത് നിയമപരമല്ലെന്ന് കോടതി കണ്ടെത്തി. തുടർന്നാണ് 20 പേരെ അയോഗ്യരാക്കിയത്. കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ ആശ നാഥ്, ചെമ്പഴതന്തി ഉദയൻ, ഗോപകുമാർ അടക്കമുളളവർ അയോഗ്യരായവരിൽ ഉൾപ്പെടും. ഇവർക്ക് 4 ആഴ്ചക്കുള്ളിൽ വീണ്ടും സത്യപ്രതിജ്ഞ ചെയ്യാൻ അവസരം നൽകണം. എന്നാൽ ഈ കാലയളവിൽ കൗൺസിലർ എഎന്ന നിലയിലുള്ള അധികാരമില്ലെന്ന് കോടതി പറഞ്ഞു. അതേസമയം നേരത്തെ ചെയ്ത പ്രവർത്തികൾക്ക് മുനിസിപ്പൽ ആക്ട് പ്രകാരം സംരക്ഷണം ലഭിക്കും.
ഉമ്മൻചാണ്ടിയുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്ത പാലക്കാട് വടക്കേഞ്ചേരിയിലെ കോൺഗ്രസ് അംഗ സുനിൽ ചുവട്ടുപാടത്തിന്‍റെ സത്യപ്രതിജ്ഞയും അസാധുവാക്കിയിട്ടുണ്ട്.



