തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് തിരുവനന്തപുരത്ത് ശക്തി വർധിപ്പിക്കാൻ ഉള്ള നീക്കങ്ങളുമായി ബിജെപി.  വെങ്ങാനൂർ പഞ്ചായത്തിലെ ഏഴ് സിപിഎം അംഗങ്ങളും അഞ്ച് കോൺ​ഗ്രസ്സുകാരും ബിജെപിയിൽ ചേർന്നു. വരും ദിവസങ്ങളിൽ കൂടുതൽ പേർ പാർട്ടിയിലേക്ക് എത്തും എന്നാണ് ബിജെപിയുടെ അവകാശവാദം.

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാൻ ഉള്ള സാധ്യത നിലനിൽക്കുമ്പോഴും തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബിജെപി മുന്നോട്ട് പോകുകയാണ്.
പ്രാദേശിക തലത്തിൽ ആടിയുലഞ്ഞു നിൽക്കുന്ന മറ്റു പാർട്ടിയിലെ അംഗങ്ങളെ സ്വന്തം തട്ടകത്തിലേക്ക് ചേർത്ത് ശക്തി കൂട്ടാനാണ് തീരുമാനം. കോവളം നിയോജക മണ്ഡലത്തിൽ ഉൾപ്പെടുന്ന വെങ്ങാനൂർ പഞ്ചായത്തിലെ ഒരു സിറ്റിംഗ് സീറ്റ് അംഗവും തൊഴിച്ചൽ ബ്രാഞ്ച്‌ കമ്മിറ്റിയിലെ മൂന്ന് അംഗങ്ങളും ഉൾപ്പടെ ഏഴ് സിപിഎം പ്രവർത്തകർ ആണ് ബിജെപിയിൽ ചേർന്നത്. കോൺ​ഗ്രസിൽ നിന്ന് അഞ്ചും ജനതാദൾ എസ്സിൽ നിന്ന് ഒരാളും എതിർ ചേരിയിൽ എത്തി.

പ്രാദേശിക തലത്തിൽ ചർച്ചകൾ സജീവമാണെന്നും  വരും ദിവസങ്ങളിൽ ബിജെപിയിലേക്കുള്ളവരുടെ ഒഴുക്ക് പ്രതീക്ഷിക്കാം എന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്.