Asianet News MalayalamAsianet News Malayalam

വ്യാജ കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റിന് പിന്നിൽ വൻ സംഘം? കർശന നടപടിയെന്ന് ആരോഗ്യ മന്ത്രി

വ്യാജ കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ മൊഴിയെടുത്തതിൽ നിന്നാണ് പത്തോളം ആളുകൾക്ക് പങ്കുണ്ടെന്ന വിവരം പൊലീസിന് കിട്ടിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും ബന്ധമുണ്ട് എന്ന സംശയവും ശക്തമാണ്.

thiruvananthapuram fake covid negative certificate distribution
Author
Thiruvananthapuram, First Published Sep 20, 2020, 9:27 PM IST

തിരുവനന്തപുരം: പൊഴിയൂരിൽ വ്യാജ കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് വിതരണം ചെയ്ത സംഭവത്തിന് പിന്നിൽ വൻ സംഘം എന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം. തദ്ദേശ സ്ഥാപനങ്ങളിൽ നിന്നും ചികിത്സ കേന്ദ്രങ്ങളിൽ നിന്നും നെഗറ്റിവ് സർട്ടിഫിക്കറ്റ്‌ ലഭിക്കാൻ ഉള്ള പ്രായോഗിക തടസ്സങ്ങൾ മുതലെടുത്തായിരുന്നു സംഘത്തിന്റെ പ്രവർത്തനം. കർശന നടപടി സ്വീകരിക്കും എന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജ വ്യക്തമാക്കി.

വ്യാജ കൊവിഡ്‌ നെഗറ്റീവ് സർട്ടിഫിക്കറ്റ് ലഭിച്ചവരുടെ മൊഴിയെടുത്തതിൽ നിന്നാണ് പത്തോളം ആളുകൾക്ക് പങ്കുണ്ടെന്ന വിവരം പൊലീസിന് കിട്ടിയത്. ചില പ്രാദേശിക രാഷ്ട്രീയ നേതാക്കൾക്കും ജനപ്രതിനിധികൾക്കും ബന്ധമുണ്ട് എന്ന സംശയവും ശക്തമാണ്. എന്നാൽ ഇവരെ കുറിച്ചുള്ള കൃത്യമായ തെളിവുകൾ പൊലീസിന് ലഭിച്ചിട്ടില്ല. തീരദേശ മേഖലയിൽ കഴിഞ്ഞ രണ്ട് മാസത്തിനിടെ രണ്ടായിരത്തോളം വ്യാജ സർട്ടിഫിക്കറ്റുകൾ ആണ് സംഘം വിതരണം ചെയ്തത്. 

സംഭവം അതീവ ഗൗരവത്തോടെയാണ് ആരോഗ്യ വകുപ്പും നോക്കി കാണുന്നത്. അങ്ങേയറ്റം അപലപനീയമാണെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിലൂടെ കൂടുതല്‍ ആളുകളിലേക്ക് രോഗം പകര്‍ത്താനാണ് ഇത്തരക്കാര്‍ ശ്രമിക്കുന്നതെന്നും ആരോഗ്യ മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. പൊഴിയൂരിൽ നിന്ന് കൊച്ചി, നീണ്ടകര, ബേപ്പൂർ തുടങ്ങിയ തീരപ്രദേശങ്ങളിലേക്ക് മത്സ്യബന്ധനത്തിന് പോകുന്ന മത്സ്യത്തൊഴിലാളികൾക്കായിരുന്നു വ്യാജ സർട്ടിഫിക്കറ്റ് വിതരണം ചെയ്തിരുന്നത്. അയ്യായിരം രൂപ വരെയാണ് ഒരു സർട്ടിഫിക്കറ്റിന് സംഘം ഈടാക്കിയത്.

 

Follow Us:
Download App:
  • android
  • ios