തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്കരിക്കുന്നത് തടയാൻ നിയമ പോരാട്ടത്തിനിറങ്ങി സംസ്ഥാന സർക്കാർ.  ഹൈക്കോടതിയിൽ നാളെ പൊതുതാൽപര്യ ഹർജി നൽകും.

സാമ്പത്തിക ലേലത്തിൽ പങ്കെടുത്ത സംസ്ഥാന സർക്കാർ സ്ഥാപനമായ കെഎസ്ഐഡിസി പിന്തള്ളപ്പെട്ടതിന് പിന്നാലെയാണ് നിയമ നടപടി. കേന്ദ്രസർക്കാർ സംസ്ഥാനവുമായി ഉണ്ടാക്കിയ ധാരണ തെറ്റിച്ചെന്നാണ് സംസ്ഥാന സർക്കാരിന്‍റെ വാദം. 2005ൽ 324 കോടി രൂപ നഷ്ടപരിഹാരം നൽകിയാണ് ഭൂമി ഏറ്റെടുത്ത് നൽകിയത്. ഈ ഭൂമി മറ്റാർക്കും കൈമാറരുതെന്നാണ് വ്യവസ്ഥയെന്ന് സർക്കാർ വാദിക്കും. ഭൂമി ഏറ്റെടുക്കാൻ മുടക്കിയ തുകയ്ക്ക് തുല്യമായ ഓഹരി സംസ്ഥാനത്തിന് നൽകാമെന്ന വ്യവസ്ഥ പാലിച്ചില്ലെന്നും ചൂണ്ടിക്കാട്ടും. 

സ്വകാര്യവത്കരണത്തിനെതിരെ സമരം ചെയ്യുന്ന ആക്ഷൻകൗൺസിലും ഹൈക്കോടതിയെ സമീപിക്കും. സ്വകാര്യ വത്കരണത്തിനെതിരെ രണ്ട് യാത്രക്കാർ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ലേല നടപടികൾ കോടതി സ്റ്റേ ചെയ്തിരുന്നില്ല. അതേസമയം നിയമനടപടിക്കൊപ്പം സമരം ശക്തമാക്കാനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്.