Asianet News MalayalamAsianet News Malayalam

കൊവിഡ്: വഞ്ചിയൂർ സ്വദേശിയുടെ മരണം; സ്രവ പരിശോധന വൈകിയതിൽ ആശുപത്രികളുടെ വിചിത്ര വാദങ്ങള്‍

കൊവിഡിന്‍റെ മറ്റ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറൽ ആശുപത്രിയുടെ വിശദീകരണം

Thiruvananthapuram Medical College and General hospital reaction to Vanchiyoor native death
Author
Thiruvananthapuram, First Published Jun 29, 2020, 6:17 AM IST

തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയുടെ സ്രവ പരിശോധന വൈകിയതിൽ വിചിത്ര വിശദീകരണവുമായി ജനറൽ ആശുപത്രി അധികൃതരും മെഡിക്കൽ കോളേജും. കൊവിഡിന്‍റെ മറ്റ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറൽ ആശുപത്രിയുടെ വിശദീകരണം. ഗുരുതര ശ്വാസകോശരോഗികൾക്ക് പരിശോധന നിർബന്ധമാണെന്ന പ്രോട്ടോക്കോൾ ഇല്ലെന്നാണ് മെഡിക്കൽ കോളേജിൻറെ നിലപാട്. വിശദീകരണത്തിന്റെ പകർപ്പ് ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. 

വഞ്ചിയൂർ സ്വദേശി എസ് രമേശൻ മരിച്ചശേഷം മാത്രം സ്രവപരിശോധന നടത്തിയത് വിവാദമായിരുന്നു. ജനറൽ ആശുപത്രിക്കും മെഡിക്കൽ കോളേജ് ആശുപത്രിക്കും വീഴ്ച പറ്റിയെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പരിശോധന വൈകിയതിനുള്ള കാരണമായി രണ്ട് ആശുപത്രി അധികൃതരും നൽകിയ വിശദീകരണമാണ് പുറത്തുവന്നത്. 

മെയ് 23ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രമേശന് പനിയും ശ്വാസംമുട്ടലുമുണ്ട്. പക്ഷെ കൊവിഡ് പരിശോധന നടത്താതിരുന്നതിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത് രമേശന് ജലദോഷമോ തൊണ്ടവേദനയോ ഇല്ലായിരുന്നു എന്നതാണ്. ഗുരുതര ശ്വാസകോശ രോഗിയായ രമേശൻ ചികിത്സയോട് പ്രതികരിച്ചതിനാലും കൊവിഡ് സമ്പർക്ക സാധ്യതയില്ലാതിരുന്നതിനാലും അത്തരം സംശയങ്ങളുണ്ടായില്ലെന്നും വിശദീകരണമുണ്ട്. ഗുരുതര ശ്വാസകോശ രോഗമുള്ളവരെ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരിശോധനാ പ്രോട്ടോക്കോളിൽ ഇല്ലെന്നാണ് മെഡിക്കൽ കോളേജ് അധികൃതരുടെ വിശദീകരണം. 

പക്ഷെ കേരളത്തിൽ 60ശതമാനം രോഗികളും ലക്ഷണങ്ങളിലാത്തവരാണെന്നത് ഇരു ആശുപത്രികളും പരിഗണിച്ചില്ല, ഒപ്പം ഉറവിടമറിയാതെ കൊവിഡ് ബാധിച്ച മരിച്ച നാലാഞ്ചിറ സ്വദേശിയുടെ ഉദാഹരണവും കണക്കിലെടുത്തില്ല. രണ്ട് റിപ്പോർട്ടുകളും പരിശോധിച്ചശേഷം വീഴ്ച ഉണ്ടായെന്ന് കാണിച്ച് കലകടർ ആരോഗ്യവകുപ്പിന് റിപ്പോർട്ട് നൽകി. പക്ഷെ ഇതിന്മേൽ ഇതുവരെ ഒരു നടപടിയും ഉണ്ടായിട്ടില്ല.

Follow Us:
Download App:
  • android
  • ios