മോസിലോസ്കോപ്പിന്‍റെ ഭാഗം കാണാതായിട്ടില്ലെന്നും ആ ഉപകരണം അവിടെ തന്നെയുണ്ടെന്നും ഡിഎംഇ വ്യക്തമാക്കി

തിരുവനന്തപുരം: ഡോ.ഹാരിസിനെ സംശയത്തിൽ നിർത്തിയ വാർത്താസമ്മേളനത്തിനിടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പലിനെയും സൂപ്രണ്ടിനെയും വിളിച്ചത് താനെന്ന് ഡിഎംഇ ഡോ.വിശ്വനാഥ്. മാധ്യമങ്ങളെ കണ്ട് പരിചയമില്ലാത്തതിനാൽ നിർദേശങ്ങൾ നൽകിയതെന്നാണും ഡോ. വിശ്വനാഥ് വിശദീകരിച്ചു. പ്രിൻസിപ്പലിന്‍റെയും സൂപ്രണ്ടിന്‍റെയും വാർത്താ സമ്മേളനം അനുചിതം എന്ന് തോന്നുന്നില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. 

വാര്‍ത്താസമ്മേളനത്തിനിടെ ഫോണിൽ വിളിച്ചത് താനാണെന്നും അതിൽ ദുരുദ്ദേശ്യമില്ലെന്നും കെവി വിശ്വനാഥ് പറഞ്ഞു. അന്വേഷണ ഉദ്യോഗസ്ഥർ എന്ന നിലയിൽ ഉപകരണം നഷ്ടമായ വിവരവും അത് അവിടെ ഉണ്ടായിരുന്നു എന്ന വിവരവും വ്യക്തമായി റിപ്പോർട്ടിലുണ്ട്. റിപ്പോര്‍ട്ടിലെ കാര്യങ്ങള്‍ മാത്രം പറഞ്ഞാൽ മതിയെന്ന് പറയാനാണ് വിളിച്ചത്. മാധ്യമങ്ങളെ ആദ്യമായാണ് അവര്‍ ഫെയ്സ് ചെയ്യുന്നത്. 

അവര്‍ ഡോക്ടര്‍മാരാണ്. അവര്‍ ഒരുപാട് ചോദ്യങ്ങള്‍ നേരിട്ടപ്പോഴാണ് സദുദ്ദേശത്തോടെ ഫോണ്‍ വിളിച്ച് ആവശ്യമായ നിര്‍ദേശം നൽകിയത്. അതിൽ മറ്റു ദുരുദ്ദേശ്യമൊന്നും ഉണ്ടായിരുന്നില്ല. ഇന്നലെ ഉച്ചയോടെ അഡീഷണൽ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. റിപ്പോർട്ട് ഇന്നലെ ഉച്ചയ്ക്ക് സർക്കാരിന് കൈമാറി. റിപ്പോർട്ടിലെ ഉള്ളടക്കം വ്യക്തമാക്കാൻ കഴിയില്ല. മോസിലോസ്കോപ്പിന്‍റെ ഭാഗം കാണാതായിട്ടില്ല. ആ ഉപകരണം അവിടെ തന്നെയുണ്ടെന്നും ഡിഎംഇ വ്യക്തമാക്കി.

വെളളിയാഴ്ച മെഡിക്കൽ കോളേജിലെ വാർത്താ സമ്മേളനത്തിനിടെയാണ് ആദ്യം പ്രിൻസിപ്പലിനും പിന്നീട് സൂപ്രണ്ടിനും ഉന്നതങ്ങളിൽ നിന്ന് ഫോൺ വിളിയെത്തിയത്. ഡോ.ഹാരിസിന്‍റെ ചുമതലയിലുളള ഉപകരണഭാഗം കാണാതായതിനെക്കുറിച്ചുളള അന്വേഷണ റിപ്പോർട്ടിലെ ഭാഗം വായിക്കാനായിരുന്നു നിർദേശം. സംശയമുനയിൽ നിർത്താനൊരുക്കിയ തിരക്കഥയാണോ വാർത്താസമ്മേളനമെന്ന ചോദ്യമാണ് ഇതോടെ ഉയര്‍ന്നത്.

ഉപകരണഭാഗം കാണാതായതിൽ വകുപ്പുതല അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥനാണ് ഡിഎംഇ. ഡോ ഹാരിസിന്‍റെ മുറിയിൽ അസ്വാഭാവികമായ പെട്ടി കണ്ടെത്തിയതിൽ അവ്യക്തമായ വിവരങ്ങളുമായി വാർത്താസമ്മേളനം നടത്തിയതാണ് പ്രിൻസിപ്പലും സൂപ്രണ്ടും. സർക്കാരിലേക്ക് എല്ലാം അറിയിക്കാനുണ്ടെന്നായിരുന്നു ഇരുവരും പറഞ്ഞത്.അന്വേഷണം നടക്കുന്ന വിഷയത്തിലെ അപൂർണമായ വിവരങ്ങൾ വിശദീകരിക്കുന്നതിനിടെ എന്തിന് ഡിഎംഇ ഫോൺവിളിച്ച് നിർദേശം നൽകിയെന്നത് അപ്പോഴും ദുരൂഹമായി തുടരുകയാണ്.

യൂറോളജി വിഭാഗത്തിലെ അസ്വാഭാവിക പെട്ടിയിൽ സമയമെടുത്ത് അന്വേഷണം വേണമെന്നായിരുന്നു വാദം. നൂറിലധികം സിസിടിവികൾ പരിശോധിക്കണം, ആരൊക്കെ ഡോ.ഹാരിസിന്‍റെ മുറിയിലേക്ക് വന്നെന്ന് നോക്കണം, ഉപകരണങ്ങൾ വാങ്ങിയ വിവരങ്ങളെടുക്കണം എന്നെല്ലാം പ്രിൻസിപ്പലും സൂപ്രണ്ടും വിശദീകരിച്ചു. കാണാതായെന്ന് പറഞ്ഞ പഴയതിന് പകരം പുതിയത് വാങ്ങിവെച്ചെന്ന ധ്വനിയുണർത്തി. 

എന്നാൽ, റിപ്പയറിന് നൽകിയതും സ്വകാര്യ കമ്പനിക്കുണ്ടായ പിഴവും ഹാരിസ് വിശദീകരിച്ചതോടെ അത് പൊളിഞ്ഞു. മെഴ്സിലോസ്കോപ്പ് കാണാതായിട്ടില്ലെന്ന റിപ്പോർട്ട് ഇന്നലെ തന്നെ ഡിഎംഇ നൽകി. ഉപകരണം കാണാതായെന്ന് വിദഗ്ധ സമിതി പരാമര്‍ശം ഉദ്ധരിച്ച് ഹാരിസിനെ സംശയമുനയിലാക്കാൻ ആരോഗ്യമന്ത്രി തുടക്കമിട്ട ശ്രമമാണ് ഡിഎംഇ റിപ്പോര്‍ട്ടോടെ പൂട്ടിക്കെട്ടുന്നത് .

YouTube video player