സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനാണ് ശ്രമം, മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനെല്ലാം പിന്നിൽ എന്നാണ് അന്‍വര്‍ പറയുന്നത്
മലപ്പുറം: ഡോക്ടർ ഹാരിസിനെ മോഷണക്കേസിൽ കുടുക്കാനാണ് ആരോഗ്യവകുപ്പ് ശ്രമിക്കുന്നതെന്ന് മുന്‍ എംഎല്‍എ പിവി അന്‍വര്‍. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ചില ഉപകരണങ്ങൾ കാണാതായെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടിലാണ് പ്രതികരണം. ഉപകരണങ്ങൾ കാണാതായെന്ന മന്ത്രിയുടെ പ്രസ്താവനയിൽ ദുസ്സൂചനയുണ്ട്. സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിൽ അടയ്ക്കാനാണ് ശ്രമം, മുഖ്യമന്ത്രിയുടെ ഓഫീസാണ് ഇതിനെല്ലാം പിന്നിൽ എന്നാണ് അന്‍വര്‍ പറയുന്നത്.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യൂറോളജി വകുപ്പിൽ ചില ഉപകരണങ്ങൾ ബോധപൂർവ്വം കേടാക്കി എന്നും കാണാതായെന്നും വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. ഉപകരണം കാണാതായതിൽ പൊലീസ് അന്വേഷണം വേണമെന്നാണ് ആരോഗ്യ വകപ്പിന്‍റെ വിലയിരുത്തല്‍. ഓസിലോസ്കോപ്പ് ഉപകരണമാണ് കാണാതായത്. 20 ലക്ഷത്തോളം രൂപ വിലമതിക്കുന്നതാണ് ഉപകരണം. ശശി തരൂർ എംപിയുടെ വികസന ഫണ്ടിൽ നിന്ന് അനുവദിച്ച തുകയ്ക്കാണ് ഉപകരണം വാങ്ങിയത്. ഡോ.ഹാരിസ് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ചികിത്സാ പ്രതിസന്ധി വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് വിദഗ്ധ സമിതിയെ നിയമിച്ചതും റിപ്പോര്‍ട്ട് സമര്‍പ്പിച്ചതും.
