തിരുവനന്തപുരം: പെറ്റി കേസുകളില്‍ പിഴ ഇനത്തില്‍ പിരിച്ചെടുത്ത പണവും പെറ്റി ബുക്കുമായി രണ്ടുമാസമായി മുങ്ങിനടന്ന ട്രാഫിക് പൊലീസ് എസ് ഐ അറസ്റ്റില്‍. പൊലീസിനെ വെട്ടിച്ചു നടന്ന ഇദ്ദേഹം വീട്ടിലെത്തിയ  ഉടനെ അവിടെയെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പെറ്റി പിടിച്ച പണം മദ്യപിക്കാന്‍ ഉപയോഗിച്ചതിനാല്‍ തിരിച്ചടക്കാന്‍ നിര്‍വാഹമില്ലാതെ മുങ്ങുകയായിരുന്നുവെന്ന് എസ് ഐ മൊഴി നല്‍കി. അന്വേഷണ വിധേയമായി എസ് ഐയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.  

ട്രാഫിക് ഗ്രേഡ് എസ് ഐ നെയ്യാറ്റിന്‍കര കൂട്ടപ്പന രാമവിലാസം ബംഗ്ലാവ് നയീം ആണ് അറസ്റ്റിലായത്. രണ്ട് ദിവസം പെറ്റി പിരിച്ച ഏഴായിരത്തിലേറെ രൂപയും പെറ്റിബുക്കുമായി എസ് ഐ നയീം സ്ഥലം വിട്ടെന്നാണ് കേസ്. മെയ് മാസമാണ് കേസിനാസ്പദമായ സംഭവം. രണ്ടു ദിവസമായി പെറ്റി പിരിച്ച തുകയും പെറ്റി ബുക്കും സ്‌റ്റേഷനില്‍ എത്തിക്കാതെ എസ് ഐ സ്ഥലം വിടുകയായിരുന്നു. രണ്ടാം നാള്‍ രാത്രി ഡ്യൂട്ടി കഴിഞ്ഞുപോയ  ഇദ്ദേഹം പിന്നീട് സ്‌റ്റേഷനില്‍ ചെന്നതേയില്ല. 

സ്‌റ്റേഷനില്‍ എത്താത്തതിനെ തുടര്‍ന്ന് പൊലീസ് ഇദ്ദേഹത്തിനായി അന്വേഷണം ആരംഭിച്ചു. അതിനിടെ, ഇദ്ദേഹത്തിന്റെ ഭാര്യ പൊലീസിന് എതിരെ പരാതിയും നല്‍കി. വീട്ടില്‍ എത്തിയ പൊലീസ് കുടുംബത്തെ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പില്ലെന്ന് കണ്ടെത്തി. ഇതിനുശേഷമാണ് കമീഷണറുടെ നിര്‍ദേശ പ്രകാരം ഇദ്ദേഹത്തിന് എതിരെ കേസ് എടുത്തത്. 

അതോടെ ഒളിവില്‍ പോയ അദ്ദേഹം മൊബൈല്‍ ഫോണ്‍ സ്വിച്ച്് ഓഫ് ചെയ്ത്  രണ്ട് മാസമായി മുങ്ങി നടക്കുകയായിരുന്നു. ഇന്നലെ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിന്റെ കൈയില്‍നിന്നും പെറ്റിബുക്കുകള്‍ കണ്ടെത്തി. കിട്ടിയ പണം മദ്യപിക്കാന്‍ ഉപയോഗിക്കുകയായിരുന്നുവെന്നാണ് നയീമിന്റെ മൊഴി. തിരിച്ചടക്കാനുള്ള പണം ഇല്ലാത്തതിനാലാണ് മുങ്ങി നടന്നതെന്നും ഇദ്ദേഹം മൊഴി നല്‍കി.