കൃത്യമായി ഫണ്ടനുവദിക്കാത്തതാണ് പണി പാതി വഴിയിൽ നിലക്കാൻ കാരണം. പദ്ധതിക്കായി എം എൽ എ ഫണ്ടിൽ നിന്നും പണം ചെലവഴിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി. 

കോട്ടയം: കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം നിലക്കാൻ കാരണം സംസ്ഥാന സർക്കാരിൻറെ അനാസ്ഥയെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ. കൃത്യമായി ഫണ്ടനുവദിക്കാത്തതാണ് പണി പാതി വഴിയിൽ നിലക്കാൻ കാരണം. പദ്ധതിക്കായി എം എൽ എ ഫണ്ടിൽ നിന്നും പണം ചെലവഴിച്ചിട്ടില്ലെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ വ്യക്തമാക്കി.

കോട്ടയം നഗര മധ്യത്തിൽ അഞ്ച് റോഡുകള്‍ വന്ന് ചേരുന്ന റൗണ്ടാനയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരവും കാല്‍നട യാത്രക്കാർക്ക് സുഖകരമായ നടത്തവുമൊക്കെ വാഗ്ദാനം ചെയ്താണ് 2016 ൽ ആകാശപ്പാത നിർമ്മാണം തുടങ്ങിയത്. റോഡ് സുരക്ഷാ ഫണ്ടിൽ നിന്നുള്ള അഞ്ചു കോടി 18 ലക്ഷം രൂപ ഇതിനായി അനുവദിച്ചു. ഗാതഗത വകുപ്പിൻറെ മേൽ നോട്ടത്തിൽ നിര്‍മ്മാണ ചുമതല കിറ്റ്കോയെ ഏൽപ്പിച്ചു. ഒന്നരക്കോടി ചെലവഴിച്ച് 14 ഉരുക്ക് തൂണുകളും അതിനെ ബന്ധിപ്പിച്ച് ഇരുമ്പ് പൈപ്പുകളും സ്ഥാപിച്ചു. അതോടെ എല്ലാം അവസാനിച്ചു.

ബാക്കി തുക ഇപ്പോഴും റോഡ് സുരക്ഷാ ഫണ്ടിലുണ്ട്. എന്നാൽ നിർമ്മാണം നടത്താൻ എൽഡിഎഫ് നേതൃത്വം തടസ്സം നിൽക്കുന്നുവെന്നാണ് എംഎൽഎ യുടെ ആക്ഷേപം. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് പണി നിലക്കാൻ കാരണമെന്നാണ് സർക്കാർ വിശദീകരണം. ഇതിനിടെ പാത പൊളിച്ചു മാറ്റണമെന്നാവശ്യപ്പെട്ട് ഇന്ന് വൈകിട്ട് എൽഡിഎഫ് ഇന്ന് സമരം നടത്തുന്നുണ്ട്.