'അച്ചു ഉമ്മൻ മിടുമിടുക്കി'; തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമോയെന്ന ചോദ്യത്തിന് തിരുവഞ്ചൂരിന്റെ മറുപടി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം വാർത്താസമ്മേളനം നടന്നതിനെ ചൊല്ലി സതീശനും സുധാകരനും ഇടയിലുണ്ടായ ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പ്രതികരിച്ചു.

തിരുവനന്തപുരം: ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ വ്യക്തി എന്ന നിലയിൽ മിടുമിടുക്കി എന്ന് കോൺഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ. പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ അച്ചു സ്ഥാനാർത്ഥിയാകുമോ എന്ന മാധ്യമം പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു തിരുവഞ്ചൂരിന്റെ മറുപടി. സ്ഥാനാർത്ഥിത്വത്തെ കുറിച്ച് തീരുമാനമെടുക്കേണ്ടത് പാർട്ടിയാണെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.
താൻ പ്രതിപക്ഷ നേതാവാകാൻ ആഗ്രഹിച്ചെന്ന ഉമ്മൻചാണ്ടിയുടെ ആത്മകഥയിലെ വെളിപ്പെടുത്തൽ കുത്തിപ്പൊക്കാൻ ഇല്ല. പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി ഡി സതീശൻ മികച്ച പ്രവർത്തനമാണ് കാഴ്ചവയ്ക്കുന്നതെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേര്‍ത്തു. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് ശേഷം വാർത്താസമ്മേളനം നടന്നതിനെ ചൊല്ലി സതീശനും സുധാകരനും ഇടയിലുണ്ടായ ആശയക്കുഴപ്പം ഒറ്റപ്പെട്ട സംഭവമാണെന്നും തിരുവഞ്ചൂർ പ്രതികരിച്ചു.